May 5, 2011

ആത്മാവു നഷ്ടപ്പെട്ടു ജീവിയ്ക്കുന്നവരോട്


* 1 *
ആത്മസ്വരൂപം ഗ്രഹിച്ചീടുവാനായി
ആത്മതത്വമെന്തെന്നാരായണം
ഉള്ളിന്റെ ഉള്ളിലറിവായ് വിളങ്ങുന്ന
ആത്മസ്വത്വത്തെയറിഞ്ഞിടേണം
* 2 *
ആത്മബോധമുദിയ്ക്കുമ്പോള്‍
ഞാനെന്നഭാവം മുഴുവന്‍ നശിച്ചുപോകും
ഞാനെന്ന ഭാവം നശിയ്ക്കുമ്പോളാത്മാവ്
സര്‍വ്വ വ്യാപിത്വം പുല്‍കിടുന്നു
* 3 *
ആകാശത്തേക്കാളും സൂക്ഷ്മമാണാത്മാവ്
ആകാരമില്ലെന്നുമോര്‍ത്തിടേണം
ആകാശമെന്നത് എന്തെന്നു ചോദിച്ചാല്‍
ആകാശമെന്നൊരറിവുമാത്രം
* 4 *
ആകാശപ്രാണമനോമയ ലോകത്തി-
ന്നപ്പുറമാണല്ലോ ആത്മസ്വത്വം!
ആനന്ദഭാവമുണ്ടാകുന്നിടത്തിനെ
ആത്മസ്വരൂപമായ് ബോധിച്ചിടാം
* 5 *
ആത്മസ്വഭാവത്തെ നാമെല്ലാമെപ്പോഴും
ആനന്ദമായി കരുതീടേണം!
ആനന്ദമെന്തെന്ന് ചിന്തിച്ചു നോക്കിയാല്‍
അറിവല്ലാതൊന്നുമല്ലെന്നറിയാം
* 6 *
ആനന്ദമായ ഈ ആത്മസ്വഭാവത്തെ
അന്യയിടങ്ങളില്‍ തേടിടേണ്ടാ!
നാവില്‍ വിളങ്ങുന്ന സ്നേഹസ്വഭാവവും
കാരുണ്യഭാവത്തിന്‍ മൂര്‍ത്തിയത്
* 7 *
നിര്‍വ്വികാരം,പൂണ്ട നിരാമയഭാവം
നിര്‍മ്മലശുദ്ധമാം പ്രേമമത്രേ!
സര്‍വ്വചരാചര കാരണമായതും
എല്ലാറ്റിന്‍‌റേയുമിരിപ്പിടവും
* 8 *
ഏകരസനാണ് ഏകനാണാത്മാവ്
പൂര്‍ണ്ണസ്വഭാവചൈതന്യമാണ്!
അവ്യയനാണ് അദൃശ്യനാണാത്മാവ്
അതുല്യനാണാത്മാവനന്തനാണ്
* 9 *
അജ്ഞാതമാണ് അപ്രാപ്യമാണത്
ഉള്ളില്‍ അഹം വന്നു ചേര്‍ന്നീടുകില്‍
തന്നേക്കാള്‍ വലുതൊന്നുമില്ലെന്നു
ചൊല്ലുന്നവ്യക്തിയ്ക്കതൊട്ടുമേ ലഭ്യമല്ല!
****
തെറ്റുകളുണ്ടാകും
അറിവില്‍ കഴിവത്
എഴുതുന്നു
ശ്രീ

May 4, 2011

നമുക്ക്..... വാത്മീകത്തില്‍ നിന്നും പുറത്തുവരേണ്ട സമയമായിരിക്കുന്നു...

നമുക്ക്.....
വാത്മീകത്തില്‍ നിന്നും പുറത്തുവരേണ്ട സമയമായിരിക്കുന്നു...
നാവിന് വിലക്കേര്‍പ്പെടുത്തിയ നാട്ടുജന്മികള്‍ക്കെതിരെ
എഴുത്താണിയുടെ സ്വാതന്ത്ര്യം തടഞ്ഞ അക്ഷരവൈരികള്‍ക്കെതിരെ...
അധികാരത്തിന്റെ വാള്‍ത്തലപ്പുകള്‍ക്കെതിരെ
വിരല്‍ചൂണ്ടാനും, നട്ടെല്ലുയര്‍ത്തി മുന്നോട്ടു ചലിക്കാനും
നമുക്ക്.....
വാത്മീകത്തില്‍ നിന്നും പുറത്തുവരേണ്ട സമയമായിരിക്കുന്നു...

കടന്നുപോകുന്ന വഴികളിലെവിടെയും തിരിഞ്ഞു നോക്കില്ല ഞാന്‍
കടം കൊണ്ട വാക്കും, കനലൊഴിഞ്ഞ ആദര്‍ശവും
കൈമുതലാക്കിയ ആള്‍പ്രതിമകളേ...മാറിനില്‍ക്കൂ...
ഇത് ഉയിര്‍ത്തെഴുന്നേറ്റവന്റെ കിതപ്പില്ലാത്ത സ്വരം....
പതറാതെ നടക്കാനും, നീതിക്കായി പടവാളുയര്‍ത്താനും
നമുക്ക് ......
വാത്മീകത്തില്‍ നിന്നും പുറത്തുവരേണ്ട സമയമായിരിക്കുന്നു...

ജനിച്ച മണ്ണില്‍ ജീവിക്കാനവകാശം നിക്ഷേധിച്ച നേരിന്റെ ഘാതകരേ.....
മാനവരക്തത്തില്‍ കാളിയവിഷം കലക്കിയ ആസുരശക്തികളേ....
കറപുരണ്ട കൈകളാല്‍ അധികാരത്തിന്റെ ചെങ്കോല്‍ തിരിക്കുന്ന
കറുപ്പിന്റെ സന്തതികളേ...അഴിച്ചുകൊള്‍ക!..
പൊറുക്കാനാവാത്ത പാപത്തിന്റെ കുപ്പായവും.....കിരീടവും..
ഇറങ്ങിക്കൊള്‍ക! ചോരയിറ്റുന്ന സിംഹാസനത്തില്‍ നിന്നും ....

ഓര്‍ക്കുക....നമുക്ക് .....
വാത്മീകത്തില്‍ നിന്നും പുറത്തുവരേണ്ട സമയമായിരിക്കുന്നു...

January 22, 2011

പ്രണയിനീ........

വൃന്ദാവനത്തിലെ ചന്ദ്രികയാണവള്‍

ചന്ദ്രകാന്തക്കല്ലിന്‍ പ്രഭയുള്ളവള്‍

സിന്ദൂരമേഖങ്ങളന്തിനേരത്തെന്റെ

ചെന്താമരക്കൊരു താലി തീര്‍ത്തു

പൌര്‍ണ്ണമിചന്ദ്രനെ നെഞ്ചിലൊളിപ്പിച്ച

വിണ്ണിന്റെ നക്ഷത്രറാണി തന്നെ

തെന്നലിളകുമ്പോള്‍ നിന്മുഖം കാണുമ്പോള്‍

ചെന്താമരക്കുളം എന്‍ ഹൃദയം

കണ്ണിണയാലെന്റെ കരളു കവര്‍ന്നൊരീ

കാമിനീ നീയെന്റെ വെണ്‍ ചെരാത്

നക്ഷത്രമാലകള്‍ തോരണം തൂക്കി...

പൊന്‍‌നിലാവിന്‍ തങ്ക ദീപാഞ്ജ‌ലി

അനുവാദമില്ലാതെ ഏകനായ് വന്നു ഞാന്‍

അനുരാഗപരവശനായി നിന്നൂ

പ്രണയിനീ നീയെന്നിലെന്നലിയും സഖീ

പ്രാണപ്രിയേ നിന്നെ കാത്തുനില്‍പ്പൂ


August 19, 2010

എന്നാണിനി ഞാന്‍ നന്നാവുക?

കേള്‍ക്കാന്‍ മടിയായിരുന്നെനിയ്ക്ക്..
കേട്ടിരുന്നവര്‍ മടുത്തുറങ്ങിയപ്പോഴും
കേള്‍പ്പിയ്ക്കാന്‍ ഞാനേറെ ശ്രമിച്ചു
അക്ഷരങ്ങള്‍ക്കിടയില്‍
അര്‍ത്ഥമിരുന്നു ഞരങ്ങുമ്പോഴും
ആലസ്യത്തിലായിരുന്നവരെ
വീണ്ടും അസ്വസ്ഥരാക്കിക്കൊണ്ട്
ഞാനെന്റെ പ്രസംഗം തുടര്‍ന്നു......


ചിരിപ്പിയ്ക്കാന്‍
അറിയില്ലെനിയ്ക്കിപ്പോഴും
കരയുന്നവന്‍‌റ്റെയുള്ളിലേയ്ക്ക്
തീക്കനല്‍‌വാരിയിടാനല്ലാതെ..
വേദനയാല്‍ അവന്‍ പുളയുമ്പോഴും
ഞാന്‍ ചിരിച്ചുകൊണ്ടിരുന്നു...

അഹിംസയെന്നോതിയ മഹാത്മജിയെ
ക്വിറ്റിന്ത്യയെന്ന് പറഞ്ഞ് ഞാനാട്ടിപ്പായിച്ചു
ഒരുജാതിയൊരുമതമെന്നു പറഞ്ഞ
ഗുരുവിനെ കണ്ണാടിക്കൂട്ടിലടച്ചു...
എങ്കിലും കാലം എനിയ്ക്കു കൂട്ടായി നിന്നു
കണ്ണീരോടെ.....

ദൈവം എന്റെ പരാതികേള്‍ക്കാന്‍
വിധിയ്ക്കപ്പെട്ടവനായിരുന്നു....
എന്റെ തടവില്‍ നിന്നും രക്ഷപ്പെടാന്‍ ഞാന്‍
അവനെയനുവദിച്ചില്ലയിതുവരെ
അവന്റെ വചനങ്ങള്‍ വൃഥാ ഭൂമിയില്‍
കറങ്ങിക്കൊണ്ടിരുന്നപ്പോളും
ഞാനവനെ പ്രാര്‍ത്ഥനകളാല്‍
ശ്വാസം‌മുട്ടിച്ചുകൊണ്ടിരുന്നു....

കാലുകുത്താനിടം തന്ന മണ്ണിനു
കപ്പം ചുമത്തി ഞാന്‍ ജന്മിയായി
കൂടെപ്പിറന്ന സഹജീവികള്‍ക്കു ഞാന്‍
ജാതിതിരിവിന്‍‌റ്റെ തീണ്ടലും വിധിച്ചു
സത്യത്തെക്കെട്ടിയിട്ടു ചാട്ടവാറിനടിച്ചു
നുണയെ മിത്രമായികൂടെക്കൂട്ടി....

അക്ഷരങ്ങള്‍ക്കെതിരെ ഞാന്‍ സമരം ചെയ്തു
ഇരുട്ടില്‍നിന്നു യുദ്ധം ചെയ്യുമ്പോഴും
വെളിച്ചത്തെയെനിയ്ക്കു ഭയമായിരുന്നു....
വെളിച്ചത്തെ തോപ്പിയ്ക്കാനെനി-
യ്ക്കാവില്ലയെന്നോര്‍ത്തപ്പോള്‍...
എന്റെ നാവും തൊണ്ടയും വരണ്ടു
അപ്പോഴും പരാജയം സമ്മതിയ്ക്കാന്‍
എനിയ്ക്കായില്ല...
അവസാനവിജയം എന്റേതല്ലെന്നറിഞ്ഞപ്പോഴും...

*അഭിപ്രായങ്ങള്‍ പോസ്റ്റു ചെയ്യുമല്ലോ*

ഓര്‍മ്മകളിലെ പച്ചപ്പ്--ഒരു നേര്‍ക്കാഴ്ച്ച

ഒരിളം പച്ചപ്പ്. ഓര്‍മ്മകള്‍ പിറകോട്ടു യാത്രയാകുമ്പോള്‍ കണ്മുന്നില്‍ തെളിയുനത് തുറന്ന സ്നേഹത്തിന്റെ നേര്‍ചിത്രങ്ങളായിരുന്നു...

നോക്കെത്താദൂരം പച്ചവയലുകള്‍ പരന്നുകിടക്കുന്നു.ആ പഴയ ഗ്രാമാന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന ഓരോ മുഖങ്ങളിലും നന്മയുടെ ഒരു നനുനനുപ്പ് പടര്‍ന്നിരുന്നു...അവരുടെയൊക്കെ ചിരിയ്ക്കുതന്നെ നമ്മുടെയുള്ളില്‍ കുളിരുവീഴ്ത്താന്‍ കഴിയുമായിരുന്നു. പാടങ്ങള്‍ക്കിടയിലൂടെയുള്ള വരമ്പുകള്‍ ചെന്നെത്തുന്നത് ഇടുങ്ങിയ ചെറിയ മണ്‍പാതയിലേയ്ക്കാണ്...മനസ്സ് ഏറെ തുടിയ്ക്കുന്ന നിമിഷങ്ങളാണിവ. കാരണം ഒരു അവധിക്കാലത്തോ, ഉത്സവാഘോഷ അവസരങ്ങളിലോ ഒക്കെയാണ് ഞാന്‍ എന്റെ ഈ തറവാട്ടുമുറ്റത്തെത്താറുള്ളത്... പറമ്പിലെങ്ങും ഓടിനടക്കുന്ന കുട്ടികള്‍.. ചിത്രശലഭങ്ങളും, തുമ്പികളും പൂക്കളെ വട്ടമിട്ടു പറക്കുന്നു..ഇതുവരെ കാണാതിരുന്ന കൊച്ചുകൊച്ചുകിളികള്‍ .... എങ്ങും പൂക്കളുടെ വര്‍ണ്ണലോകം...

ഞാന്‍ ചെന്നതോടെ ഞാനും കുട്ടിക്കൂട്ടത്തിന്റെ ഭാഗമായി. ചിരിയും കളിയുമായി..ഒരു കുടുംബത്തിന്റെ ഒത്തുചേരല്‍കൂടിയാണിത്...അമ്മമ്മയും, മുത്തശ്ശനും,അമ്മാവന്മാരും, കുട്ടികളും..അമ്മയും..അനുജനും, അനുജത്തിയും .ഞാനുമൊക്കെചേര്‍ന്ന ഒരു ലോകം...

അവിടെ കാപട്യങ്ങളില്ലായിരുന്നു. തുറന്നുവിട്ട വെള്ളച്ചാലുപോലെയായിരുന്നു സ്നേഹം. യാതൊരു തടസ്സവുമില്ലാതെ എല്ലാവര്‍ക്കും ഒരേപോലെ പകര്‍ന്നുകൊണ്ടിരുന്ന സ്നേഹത്തിന്റെ ഉറവുചാല്‍..!..

എല്ലാം ഓര്‍മ്മകളായിരിയ്ക്കുന്നു.

കുടുംബം..!....ആദിമമനുഷ്യനില്‍ നിന്നും മാറ്റങ്ങള്‍ക്കനുസൃതമായി നാം നേടിയെടുത്ത ഏറ്റവും മഹത്തായ ഒന്നാണ് കുടുംബസംസ്കാരം. തങ്ങളുടെ വികാരങ്ങള്‍ക്കും, മാനസീകവ്യാപാരങ്ങള്‍ക്കും ഉതകുന്ന ഒരു സങ്കേതമായി ഏതൊരു മനുഷ്യനും കുടുംബത്തെ കാണുന്നു. ഉണ്ണാനും, ഉറങ്ങാനും മാത്രമല്ലാതെ തന്നിലുള്ള സ്നേഹമെന്ന വികാരത്തെ കൂട്ടിയോജിപ്പിയ്ക്കാനും, നിലനില്‍ക്കുന്ന- നൈരന്തര്യം പുലര്‍ത്തുന്ന ഒന്നായി ഈ വൈകാരികഭാവങ്ങളെ കൂടുതല്‍ ആഴത്തില്‍, വ്യക്തതയോടെ എഴുതിച്ചേര്‍ക്കാനും കുടുംബം എന്ന സങ്കല്‍പ്പത്തിനു കഴിഞ്ഞതാണ് ഈ സങ്കേതം ഒരു സംസ്കാരമായി വളര്‍ന്നതിന്റെ പ്രധാന കാരണം.

എന്നാല്‍ പാശ്ചാത്യരാജ്യങ്ങളാവട്ടെ കുടുംബസംസ്കാരത്തിന് നല്‍കിയ മൂല്യക്കുറവ്‌ അവരുടെ കണ്ണികള്‍ നഷ്ടപ്പെട്ട ബന്ധങ്ങള്‍ക്കു കാരണമായി. രാഷ്ട്രങ്ങള്‍ സാമ്പത്തീകമായി വളരുന്നുണ്ടെങ്കിലും എങ്ങും, അസമാധാനത്തിന്റേയും, കലാപത്തിന്റേയും, യുദ്ധവെറിയുടേയും ചിത്രങ്ങള്‍ മാത്രം. കുടുംബസംസ്കാരത്തിനു വേണ്ടത്ര മൂല്യം കല്‍പ്പിയ്ക്കാത്തതിനാല്‍ സ്ത്രീകള്‍ക്കുനേരെയുള്ള അക്രമങ്ങളും, ഭ്രൂണഹത്യകളും, വിവാഹേതരബന്ധങ്ങള്‍മൂലമുള്ള രോഗങ്ങളും കൂടുതല്‍ രൂക്ഷമാക്കി.

മറ്റു രാഷ്ട്രങ്ങളുടേതില്‍ നിന്നും വ്യത്യസ്തമായി ഭാരതം നൂറ്റാണ്ടുകളായി കുടുംബസംസ്കാരത്തെ മുറുകെപ്പിടിയ്ക്കുകയും, അതതുകാലഘട്ടങ്ങളില്‍ വേണ്ടത്ര മാറ്റങ്ങള്‍ക്കു വിധേയമാക്കി ഒരു പവിത്രമായ ബന്ധമായി കുടുംബബന്ധങ്ങളെ മാറ്റിയേടുക്കുകയും ചെയ്തു. അതിന് ഭാരതം പിന്തുടര്‍ന്നുവന്ന വിശ്വാസപ്രമാണങ്ങളും, മാതൃകയാക്കികൊണ്ടുപോയിരുന്ന പൌരാണികബിംബങ്ങളും കുറേയേറെ ഭാരതത്തെ സഹായിച്ചുവെന്നുതന്നെ പറയാം.

അന്നത്തെ കുടുംബപശ്ചാത്തലം കാര്‍ഷികവ്യവസ്ഥിതിയെ തൊട്ടുചേര്‍ന്നായിരുന്നു നിലനിന്നുപോന്നത്...അതുകൊണ്ടുതന്നെ കുറച്ചൊക്കെ സാമ്പത്തികഒത്തൊരുമ കുടുംബാംഗങ്ങള്‍ക്കിടയില്‍ ദര്‍ശിയ്കാനാവുമായിരുന്നു.
കാര്‍ഷികപശ്ച്ചാത്തലം ഏറിയപങ്കും നഷ്ടമാവുകയും, പകരം ഉപഭോഗവ്യവസ്ഥിതിയിലേയ്ക്കു രാഷ്ടം കൂപ്പുകുത്തുകയും ചെയ്തതിന്റെ പരിണാമ ഫലമായി നാം ആകെ മാറിപ്പോയിരിയ്ക്കുന്നു. കൃഷിയും, കര്‍ഷകനും, വയലുമെല്ലാം പാഠപുസ്തകത്തിലെ രേഖാചിത്രങ്ങള്‍ മാത്രമാവുകയും, വൈറ്റ്കോളര്‍തൊഴിലുകളുടെ പിറകേ മനുഷ്യന്‍ പായുകയും ചെയ്തുതുടങ്ങിയതോടെ കൂട്ടുകുടുംബവ്യവസ്ഥിതി താറുമാറാവുകയും, പകരം അണുകുടുംബസംസ്കാരത്തിലേയ്ക്ക് മെല്ലെ നമ്മള്‍ ചെന്നെത്തുകയും ചെയ്തു.

ജീവിതം മറ്റൊരു പാതയിലൂടെ കടന്നുപോവുകയാണ് .

പാശ്ചാത്യ രാഷ്ട്രങ്ങള്‍ നല്‍കിയ വര്‍ണ്ണവിസ്മയത്തില്‍, ആഡംബരപൂര്‍ണ്ണമായ ഉപഭോഗസംസ്കാരത്തിന്റെ കെണിയില്‍പ്പെട്ടുഴലുകയും, സാംസ്കാരികാധപതനത്തിന്റെ നിലയില്ലാക്കയത്തിലേയ്ക്കു കൂപ്പുകുത്തുകയുമായിരുന്നു മെല്ലെ നാം.

രാഷ്ട്രത്തിന്റെ തനതു തൊഴില്‍ സംസ്കാരം നിലനിര്‍ത്താതെ സമൂഹം മറ്റു തൊഴില്‍ മേഖലകളിലേയ്ക്കു പ്രവേശിച്ചതോടെ കൂട്ടുകുടുംബകാഴ്ച്ചപ്പാടുകളില്‍ നിന്നും നമ്മള്‍ അകലുകയായിരുന്നു. ഇടുങ്ങിയ അണുകുടുംബസംവിധാനത്തിലേയ്ക്കു കടന്ന നാം യഥാര്‍ത്ഥബന്ധങ്ങളില്‍ നിന്നുകൂടിയാണകന്നത്. പണമുണ്ടാക്കാനുള്ള പാച്ചിലില്‍ നഷ്ടപ്പെട്ടത് സ്നേഹത്താലിഴചേര്‍ക്കപ്പെട്ട രക്തബന്ധങ്ങള്‍കൂടിയാണ്. അമ്മ, അച്ഛന്‍, മുത്തശ്ശന്‍, മുത്തശ്ശി, അമ്മാവന്മാര്‍, അങ്ങിനെ നമ്മുടെ സാംസ്കാരികസ്രോതസ്സുകള്‍കൂടിയായ പലതിനേയും നമ്മള്‍ അവഗണിച്ചു.

നാം നേടിയെടുത്തുവെന്ന് വൃഥാ ചിന്തിയ്ക്കുന നാലുചുവരുകള്‍ക്ക് ബലം പോരെന്ന് നമ്മള്‍ മനസ്സിലാക്കിയില്ല.

നിസ്സാര പ്രശ്നങ്ങളില്‍ പോലും ചീട്ടുകൊട്ടാരം പോലെ തകരുന്ന ദാമ്പത്യബന്ധങ്ങളുടെ സ്ഥിരം കാഴ്ച്ചകള്‍ ...... പ്രശ്നങ്ങള്‍ വരുമ്പോള്‍ പരിഹരിയ്ക്കാനോ, താങ്ങും തണലുമായി നിന്നു സഹായിയ്ക്കാനോ, പലപ്പോഴും ആരുമില്ലാതെ വരിക...സമൂഹത്തിന് വ്യക്തിയിലോ, കുടുംബത്തിലോ സ്വാധീനമില്ലാതെ വരിക...അതുകൊണ്ടുതന്നെ സ്വീകാര്യതയുള്ള സുമനസ്സുക്കളുടെ പോലും സഹകരണങ്ങള്‍ വേണ്ടവിധം ലഭിയ്ക്കാതെ പ്രതിസന്ധികള്‍ക്കുമുന്‍പില്‍ പതറുന്ന ആത്മവിശ്വാസം നഷ്ടപ്പെട്ട പുതിയൊരു മാനവസമൂഹത്തെയാണ് നമുക്കിന്നു കാണുവാന്‍ കഴിയുക.

ബന്ധുക്കളും, സ്വന്തക്കാരുമില്ല....തൊട്ടടുത്ത ഫ്ലാറ്റില്‍ താമസിയ്ക്കുന്ന വ്യക്തികളെ പോലും നമുക്കു പരിചയമില്ല...വീട്ടിലുള്ളവര്‍പോലും അപരിചിതരെപ്പോലെ എപ്പോഴോ കടന്നു വരുന്നു...വ്യത്യസ്തജീവിതമേഖലകളില്‍ പരസ്പരം മനസ്സിലാക്കാതെ ഭാര്യയും, ഭര്‍ത്താവും പോരടിയ്ക്കുന്നു. മുലപ്പാലിമൊപ്പം സ്നേഹംകൂടി പകര്‍ന്നുകിട്ടേണ്ട പ്രായത്തില്‍ ബോര്‍ഡിങ് മതില്‍ക്കെട്ടിനകത്തേയ്ക്കു വലിച്ചെറിയപ്പെടുന്ന ബാല്യങ്ങള്‍... പണക്കൊഴുപ്പില്‍ വഴിതെറ്റിപ്പോകുന്ന ഒരു പുതിയ തലമുറയെക്കൂടി സൃഷ്ടിയ്ക്കലായി ഇതിന്റെയെല്ലാം പരിണിതഫലം.

അതെ..!..ഇതെല്ലാം കൂടുതല്‍ ബാധിച്ചിരിയ്ക്കുന്നത് കുട്ടികളെത്തന്നെയാണ്. ഇന്റെര്‍നെറ്റ് പോലുള്ള സാങ്കേതികവൈദഗ്ധ്യത്തിന്റെ വളര്‍ച്ച അതിന്റെ ഉത്തുംഗ ശൃംഗത്തിലെത്തുകയും, ചാനല്‍ വിപ്ലവം പൊടിപൊടിയ്ക്കുകയും , ചെയ്തതോടെ അണുകുടുംബവ്യവസ്ഥിതി കുട്ടികളില്‍ ഉണ്ടാക്കിയിരിയ്കുന ഏതാണ്ട് അനാഥത്വം പോലുള്ള അവസ്ഥയില്‍നിന്നും പെട്ടെന്ന് മറ്റൊരു ദിശയിലേയ്ക്കു വലിച്ചുകൊണ്ടുപോവുകയായിരുന്നു.

കൌമാരപ്രായമുള്ള പെണ്‍കുട്ടികളെ പോലും തീരെ നിലവാരമില്ലാത്ത വസ്ത്രധാരണത്തിലേയ്ക്കും , ആഭാസനൃത്തച്ചുവടുകളിലേയ്ക്കും തള്ളിവിടുന്ന രക്ഷിതാക്കളെ നിയന്ത്രിയ്ക്കാന്‍ ഇന്ന്‌ ആരുമില്ല. ചാനല്‍ മീഡിയയുടെ ശക്തമായ കച്ചവട തന്ത്രങ്ങളില്‍ പെട്ട് അടിപതറിയ മാതാപിതാക്കള്‍ പലപ്പോഴും നിയന്ത്രണരേഖകള്‍ ലംഘിച്ച് സ്വന്തം കുട്ടികളെ നാശത്തിന്റെ പടുകുഴിയിലേയ്ക്ക് തള്ളിവിടുന്ന കാഴ്ച്ച സാധാരണയായി.

ഒരു രാഷ്ട്രത്തിന്റെ സ്വഭാവം അവിടത്തെ പൌരന്മാരെ ആശ്രയിച്ചാണു നിലകൊള്ളുന്നത്. അതിനര്‍ത്ഥം ഒരു വ്യക്തി നന്നാവുന്നതോടെ അയാളുടെ കുടുംബവും, അതിലൂടെ ഒരു സമൂഹവും ഒപ്പവും രാഷ്ട്രവും ഉന്നത നിലവാരത്തിലേയ്ക്കുയരുന്നുവെന്നാണല്ലോ... ഇത്തരം മാറ്റങ്ങള്‍ ശരിയായ രീതിയില്‍ നടക്കണമെങ്കില്‍ കുടുംബവ്യവസ്ഥിതിയില്‍ ഇന്നു സംഭവിച്ചിരിയ്ക്കുന അപചയം പരിഹരിയ്ക്കപ്പെടണം. നിസ്സാരപ്രശ്നങ്ങള്‍ക്കു മുന്‍പില്‍ പോലും ഭയപ്പെട്ട് ആത്മവിശ്വാസം പ്രകടിപ്പിയ്ക്കാനാവാതെ പകച്ചു നില്‍ക്കുകയും, പണത്തിനും, അനാവശ്യ അനുകരണങ്ങള്‍ക്കും പിറകേ മാത്രം പോകുകയും ചെയ്യുന്ന സമൂഹമനസ്സാക്ഷിയ്ക്ക് ഇന്ന് ശക്തമായ ഒരു തിരുത്തലാണാവശ്യം.

ബന്ധങ്ങളുടെ ആഴവും, പരപ്പും വ്യക്തമായി മനസ്സിലാക്കി നിയന്ത്രിയ്ക്കാനും, നിയന്ത്രിയ്ക്കപ്പെടാനുമുള്ള ശക്തമായ കുടുംബവ്യവസ്ഥിതി തിരികെ പുന:സൃഷ്ടിച്ചെടുക്കുക എന്ന ശ്രമകരമായ ദൌത്യം ഒരു വെല്ലുവിളി പോലെ ഏറ്റെടുത്ത് സ്വന്തം കുടുംബത്തില്‍ കാലികമായ മാറ്റം ഉറപ്പുവരുത്തുക. അതിലൂടെ സമൂഹത്തിനും രാഷ്ട്രത്തിനും മാതൃകയാവുക....അതാണ് ഇന്ന് നമുക്കാവശ്യം....അതിനായി പ്രവര്‍ത്തിയ്ക്കുക...ഓര്‍മ്മകളിലെ പച്ചപ്പ് കൂടുതല്‍ വ്യക്തതയുള്ളതും അവുഭവവുമായി മാറുമെന്നതില്‍ ലവലേശം സംശയമില്ല.....

വിജയം നമ്മുടേതായിരിയ്ക്കും...

August 18, 2010

തൂലികയുന്തുന്നവര്‍


അക്ഷരമറിയാത്ത പേനയും അകക്കണ്ണില്ലാത്ത മനസ്സും
ആത്മാവില്ലാത്ത പുസ്തകമെഴുതി...
കണ്ണീരും, പുഞ്ചിരിയും, പ്രണയവും, പകയുമാ-
കോലായിലേയ്ക്കുവന്നില്ല....

വെറും മാംസപിണ്ഡമായ്
വഴിയോരത്തെ പുസ്തകശാലയിലും ഞാനവനെ കണ്ടു..
അവന്റെ കണ്ണിന്റെ പോളകള്‍ ഞാന്‍ വലിച്ചു തുറന്നു..
നിര്‍വികാരത...അതുമാത്രമായിരുന്നു ഇരുട്ടു ഗോളങ്ങളില്‍...

ഞാന്‍ ചോദിച്ചു...
എന്തിനു നിന്നെയീ പെരുവഴിയിലേയ്ക്കവര്‍ പറഞ്ഞയച്ചു...
നാവില്ലാത്ത പുസ്തകത്തിനു മറുപടിയില്ലായിരുന്നു....
ഞാനൂഹിച്ചു....ഇവനാണടുത്ത അവാര്‍ഡ്...

*അഭിപ്രായങ്ങള്‍ പോസ്റ്റു ചെയ്യുമല്ലോ*

എന്താണ് ഞാനെഴുതുന്നത്?


ഒരുവരിയെഴുതാന്‍ ഒരായിരം വാക്കു തേടി..
ഒരുകഥയെഴുതാന്‍ നൂറായിരം ദിക്കു പോയി..
അവസാനമറിഞ്ഞു......
കഥയിലെ വരിയുടെ വാക്കൊന്നുപോലും
എനിയ്ക്കു സ്വന്തമല്ലെന്ന്..

തീന്മേശയിലിരുന്ന് വിശപ്പിനേക്കുറിച്ചും...
ശീതീകരിച്ച മുറിയിലിരുന്ന് ഓലപ്പുരയിലെ
ഇല്ലായ്മയെക്കുറിച്ചും....
ഞാന്‍ അക്ഷരങ്ങള്‍ കൂട്ടിവച്ചു...

സ്വന്തം നിഴലിനെ പ്രണയിയ്ക്കാതെ ...
ലോകത്തെ സ്നേഹമെന്തെന്നു ഉപദേശിച്ചു....
പരസ്പര ബന്ധമില്ലാത്ത വാക്കുകള്‍
ചേര്‍ത്ത് ലോകോത്തര സാഹിത്യങ്ങള്‍ രചിച്ചു...

പലരും പുകഴ്ത്തുമ്പോഴും ഉള്ളില്‍ ഞ്ഞാന്‍
എന്നോടു ചോദിച്ചതൊന്നു മാത്രം
എന്താണ് ഞാനെഴുതുന്നത്?????


*അഭിപ്രായങ്ങള്‍ പോസ്റ്റു ചെയ്യുമല്ലോ*