May 5, 2011

ആത്മാവു നഷ്ടപ്പെട്ടു ജീവിയ്ക്കുന്നവരോട്


* 1 *
ആത്മസ്വരൂപം ഗ്രഹിച്ചീടുവാനായി
ആത്മതത്വമെന്തെന്നാരായണം
ഉള്ളിന്റെ ഉള്ളിലറിവായ് വിളങ്ങുന്ന
ആത്മസ്വത്വത്തെയറിഞ്ഞിടേണം
* 2 *
ആത്മബോധമുദിയ്ക്കുമ്പോള്‍
ഞാനെന്നഭാവം മുഴുവന്‍ നശിച്ചുപോകും
ഞാനെന്ന ഭാവം നശിയ്ക്കുമ്പോളാത്മാവ്
സര്‍വ്വ വ്യാപിത്വം പുല്‍കിടുന്നു
* 3 *
ആകാശത്തേക്കാളും സൂക്ഷ്മമാണാത്മാവ്
ആകാരമില്ലെന്നുമോര്‍ത്തിടേണം
ആകാശമെന്നത് എന്തെന്നു ചോദിച്ചാല്‍
ആകാശമെന്നൊരറിവുമാത്രം
* 4 *
ആകാശപ്രാണമനോമയ ലോകത്തി-
ന്നപ്പുറമാണല്ലോ ആത്മസ്വത്വം!
ആനന്ദഭാവമുണ്ടാകുന്നിടത്തിനെ
ആത്മസ്വരൂപമായ് ബോധിച്ചിടാം
* 5 *
ആത്മസ്വഭാവത്തെ നാമെല്ലാമെപ്പോഴും
ആനന്ദമായി കരുതീടേണം!
ആനന്ദമെന്തെന്ന് ചിന്തിച്ചു നോക്കിയാല്‍
അറിവല്ലാതൊന്നുമല്ലെന്നറിയാം
* 6 *
ആനന്ദമായ ഈ ആത്മസ്വഭാവത്തെ
അന്യയിടങ്ങളില്‍ തേടിടേണ്ടാ!
നാവില്‍ വിളങ്ങുന്ന സ്നേഹസ്വഭാവവും
കാരുണ്യഭാവത്തിന്‍ മൂര്‍ത്തിയത്
* 7 *
നിര്‍വ്വികാരം,പൂണ്ട നിരാമയഭാവം
നിര്‍മ്മലശുദ്ധമാം പ്രേമമത്രേ!
സര്‍വ്വചരാചര കാരണമായതും
എല്ലാറ്റിന്‍‌റേയുമിരിപ്പിടവും
* 8 *
ഏകരസനാണ് ഏകനാണാത്മാവ്
പൂര്‍ണ്ണസ്വഭാവചൈതന്യമാണ്!
അവ്യയനാണ് അദൃശ്യനാണാത്മാവ്
അതുല്യനാണാത്മാവനന്തനാണ്
* 9 *
അജ്ഞാതമാണ് അപ്രാപ്യമാണത്
ഉള്ളില്‍ അഹം വന്നു ചേര്‍ന്നീടുകില്‍
തന്നേക്കാള്‍ വലുതൊന്നുമില്ലെന്നു
ചൊല്ലുന്നവ്യക്തിയ്ക്കതൊട്ടുമേ ലഭ്യമല്ല!
****
തെറ്റുകളുണ്ടാകും
അറിവില്‍ കഴിവത്
എഴുതുന്നു
ശ്രീ

May 4, 2011

നമുക്ക്..... വാത്മീകത്തില്‍ നിന്നും പുറത്തുവരേണ്ട സമയമായിരിക്കുന്നു...

നമുക്ക്.....
വാത്മീകത്തില്‍ നിന്നും പുറത്തുവരേണ്ട സമയമായിരിക്കുന്നു...
നാവിന് വിലക്കേര്‍പ്പെടുത്തിയ നാട്ടുജന്മികള്‍ക്കെതിരെ
എഴുത്താണിയുടെ സ്വാതന്ത്ര്യം തടഞ്ഞ അക്ഷരവൈരികള്‍ക്കെതിരെ...
അധികാരത്തിന്റെ വാള്‍ത്തലപ്പുകള്‍ക്കെതിരെ
വിരല്‍ചൂണ്ടാനും, നട്ടെല്ലുയര്‍ത്തി മുന്നോട്ടു ചലിക്കാനും
നമുക്ക്.....
വാത്മീകത്തില്‍ നിന്നും പുറത്തുവരേണ്ട സമയമായിരിക്കുന്നു...

കടന്നുപോകുന്ന വഴികളിലെവിടെയും തിരിഞ്ഞു നോക്കില്ല ഞാന്‍
കടം കൊണ്ട വാക്കും, കനലൊഴിഞ്ഞ ആദര്‍ശവും
കൈമുതലാക്കിയ ആള്‍പ്രതിമകളേ...മാറിനില്‍ക്കൂ...
ഇത് ഉയിര്‍ത്തെഴുന്നേറ്റവന്റെ കിതപ്പില്ലാത്ത സ്വരം....
പതറാതെ നടക്കാനും, നീതിക്കായി പടവാളുയര്‍ത്താനും
നമുക്ക് ......
വാത്മീകത്തില്‍ നിന്നും പുറത്തുവരേണ്ട സമയമായിരിക്കുന്നു...

ജനിച്ച മണ്ണില്‍ ജീവിക്കാനവകാശം നിക്ഷേധിച്ച നേരിന്റെ ഘാതകരേ.....
മാനവരക്തത്തില്‍ കാളിയവിഷം കലക്കിയ ആസുരശക്തികളേ....
കറപുരണ്ട കൈകളാല്‍ അധികാരത്തിന്റെ ചെങ്കോല്‍ തിരിക്കുന്ന
കറുപ്പിന്റെ സന്തതികളേ...അഴിച്ചുകൊള്‍ക!..
പൊറുക്കാനാവാത്ത പാപത്തിന്റെ കുപ്പായവും.....കിരീടവും..
ഇറങ്ങിക്കൊള്‍ക! ചോരയിറ്റുന്ന സിംഹാസനത്തില്‍ നിന്നും ....

ഓര്‍ക്കുക....നമുക്ക് .....
വാത്മീകത്തില്‍ നിന്നും പുറത്തുവരേണ്ട സമയമായിരിക്കുന്നു...

January 22, 2011

പ്രണയിനീ........

വൃന്ദാവനത്തിലെ ചന്ദ്രികയാണവള്‍

ചന്ദ്രകാന്തക്കല്ലിന്‍ പ്രഭയുള്ളവള്‍

സിന്ദൂരമേഖങ്ങളന്തിനേരത്തെന്റെ

ചെന്താമരക്കൊരു താലി തീര്‍ത്തു

പൌര്‍ണ്ണമിചന്ദ്രനെ നെഞ്ചിലൊളിപ്പിച്ച

വിണ്ണിന്റെ നക്ഷത്രറാണി തന്നെ

തെന്നലിളകുമ്പോള്‍ നിന്മുഖം കാണുമ്പോള്‍

ചെന്താമരക്കുളം എന്‍ ഹൃദയം

കണ്ണിണയാലെന്റെ കരളു കവര്‍ന്നൊരീ

കാമിനീ നീയെന്റെ വെണ്‍ ചെരാത്

നക്ഷത്രമാലകള്‍ തോരണം തൂക്കി...

പൊന്‍‌നിലാവിന്‍ തങ്ക ദീപാഞ്ജ‌ലി

അനുവാദമില്ലാതെ ഏകനായ് വന്നു ഞാന്‍

അനുരാഗപരവശനായി നിന്നൂ

പ്രണയിനീ നീയെന്നിലെന്നലിയും സഖീ

പ്രാണപ്രിയേ നിന്നെ കാത്തുനില്‍പ്പൂ