May 4, 2011

നമുക്ക്..... വാത്മീകത്തില്‍ നിന്നും പുറത്തുവരേണ്ട സമയമായിരിക്കുന്നു...

നമുക്ക്.....
വാത്മീകത്തില്‍ നിന്നും പുറത്തുവരേണ്ട സമയമായിരിക്കുന്നു...
നാവിന് വിലക്കേര്‍പ്പെടുത്തിയ നാട്ടുജന്മികള്‍ക്കെതിരെ
എഴുത്താണിയുടെ സ്വാതന്ത്ര്യം തടഞ്ഞ അക്ഷരവൈരികള്‍ക്കെതിരെ...
അധികാരത്തിന്റെ വാള്‍ത്തലപ്പുകള്‍ക്കെതിരെ
വിരല്‍ചൂണ്ടാനും, നട്ടെല്ലുയര്‍ത്തി മുന്നോട്ടു ചലിക്കാനും
നമുക്ക്.....
വാത്മീകത്തില്‍ നിന്നും പുറത്തുവരേണ്ട സമയമായിരിക്കുന്നു...

കടന്നുപോകുന്ന വഴികളിലെവിടെയും തിരിഞ്ഞു നോക്കില്ല ഞാന്‍
കടം കൊണ്ട വാക്കും, കനലൊഴിഞ്ഞ ആദര്‍ശവും
കൈമുതലാക്കിയ ആള്‍പ്രതിമകളേ...മാറിനില്‍ക്കൂ...
ഇത് ഉയിര്‍ത്തെഴുന്നേറ്റവന്റെ കിതപ്പില്ലാത്ത സ്വരം....
പതറാതെ നടക്കാനും, നീതിക്കായി പടവാളുയര്‍ത്താനും
നമുക്ക് ......
വാത്മീകത്തില്‍ നിന്നും പുറത്തുവരേണ്ട സമയമായിരിക്കുന്നു...

ജനിച്ച മണ്ണില്‍ ജീവിക്കാനവകാശം നിക്ഷേധിച്ച നേരിന്റെ ഘാതകരേ.....
മാനവരക്തത്തില്‍ കാളിയവിഷം കലക്കിയ ആസുരശക്തികളേ....
കറപുരണ്ട കൈകളാല്‍ അധികാരത്തിന്റെ ചെങ്കോല്‍ തിരിക്കുന്ന
കറുപ്പിന്റെ സന്തതികളേ...അഴിച്ചുകൊള്‍ക!..
പൊറുക്കാനാവാത്ത പാപത്തിന്റെ കുപ്പായവും.....കിരീടവും..
ഇറങ്ങിക്കൊള്‍ക! ചോരയിറ്റുന്ന സിംഹാസനത്തില്‍ നിന്നും ....

ഓര്‍ക്കുക....നമുക്ക് .....
വാത്മീകത്തില്‍ നിന്നും പുറത്തുവരേണ്ട സമയമായിരിക്കുന്നു...

No comments:

Post a Comment

അഭിപ്രായങ്ങള്‍