ഒരിളം പച്ചപ്പ്. ഓര്‍മ്മകള്‍ പിറകോട്ടു യാത്രയാകുമ്പോള്‍ കണ്മുന്നില് തെളിയുനത് തുറന്ന സ്നേഹത്തിന്റെ നേര്‍ചിത്രങ്ങളായിരുന്നു...
നോക്കെത്താദൂരം പച്ചവയലുകള്‍ പരന്നുകിടക്കുന്നു.ആ പഴയ ഗ്രാമാന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന ഓരോ മുഖങ്ങളിലും നന്മയുടെ ഒരു നനുനനുപ്പ് പടര്‍ന്നിരുന്നു...അവരുടെയൊക്കെ ചിരിയ്ക്കുതന്നെ നമ്മുടെയുള്ളില്‍ കുളിരുവീഴ്ത്താന്‍ കഴിയുമായിരുന്നു. പാടങ്ങള്‍ക്കിടയിലൂടെയുള്ള വരമ്പുകള്‍ ചെന്നെത്തുന്നത് ഇടുങ്ങിയ ചെറിയ മണ്‍പാതയിലേയ്ക്കാണ്...മനസ്സ് ഏറെ തുടിയ്ക്കുന്ന നിമിഷങ്ങളാണിവ. കാരണം ഒരു അവധിക്കാലത്തോ, ഉത്സവാഘോഷ അവസരങ്ങളിലോ ഒക്കെയാണ് ഞാന്‍ എന്റെ ഈ തറവാട്ടുമുറ്റത്തെത്താറുള്ളത്... പറമ്പിലെങ്ങും ഓടിനടക്കുന്ന കുട്ടികള്‍.. ചിത്രശലഭങ്ങളും, തുമ്പികളും പൂക്കളെ വട്ടമിട്ടു പറക്കുന്നു..ഇതുവരെ കാണാതിരുന്ന കൊച്ചുകൊച്ചുകിളികള്‍ .... എങ്ങും പൂക്കളുടെ വര്‍ണ്ണലോകം...
ഞാന്‍ ചെന്നതോടെ ഞാനും കുട്ടിക്കൂട്ടത്തിന്റെ ഭാഗമായി. ചിരിയും കളിയുമായി..ഒരു കുടുംബത്തിന്റെ ഒത്തുചേരല്‍കൂടിയാണിത്...അമ്മമ്മയും, മുത്തശ്ശനും,അമ്മാവന്മാരും, കുട്ടികളും..അമ്മയും..അനുജനും, അനുജത്തിയും .ഞാനുമൊക്കെചേര്‍ന്ന ഒരു ലോകം...
അവിടെ കാപട്യങ്ങളില്ലായിരുന്നു. തുറന്നുവിട്ട വെള്ളച്ചാലുപോലെയായിരുന്നു സ്നേഹം. യാതൊരു തടസ്സവുമില്ലാതെ എല്ലാവര്ക്കും ഒരേപോലെ പകര്‍ന്നുകൊണ്ടിരുന്ന സ്നേഹത്തിന്റെ ഉറവുചാല്..!..
എല്ലാം ഓര്‍മ്മകളായിരിയ്ക്കുന്നു.
കുടുംബം..!....ആദിമമനുഷ്യനില്‍ നിന്നും മാറ്റങ്ങള്‍ക്കനുസൃതമായി നാം നേടിയെടുത്ത ഏറ്റവും മഹത്തായ ഒന്നാണ് കുടുംബസംസ്കാരം. തങ്ങളുടെ വികാരങ്ങള്‍ക്കും, മാനസീകവ്യാപാരങ്ങള്‍ക്കും ഉതകുന്ന ഒരു സങ്കേതമായി ഏതൊരു മനുഷ്യനും കുടുംബത്തെ കാണുന്നു. ഉണ്ണാനും, ഉറങ്ങാനും മാത്രമല്ലാതെ തന്നിലുള്ള സ്നേഹമെന്ന വികാരത്തെ കൂട്ടിയോജിപ്പിയ്ക്കാനും, നിലനില്‍ക്കുന്ന- നൈരന്തര്യം പുലര്‍ത്തുന്ന ഒന്നായി ഈ വൈകാരികഭാവങ്ങളെ കൂടുതല്‍ ആഴത്തില്‍, വ്യക്തതയോടെ എഴുതിച്ചേര്‍ക്കാനും കുടുംബം എന്ന സങ്കല്പ്പത്തിനു കഴിഞ്ഞതാണ് ഈ സങ്കേതം ഒരു സംസ്കാരമായി വളര്‍ന്നതിന്റെ പ്രധാന കാരണം.
എന്നാല്‍ പാശ്ചാത്യരാജ്യങ്ങളാവട്ടെ കുടുംബസംസ്കാരത്തിന് നല്കിയ മൂല്യക്കുറവ് അവരുടെ കണ്ണികള്‍ നഷ്ടപ്പെട്ട ബന്ധങ്ങള്‍ക്കു കാരണമായി. രാഷ്ട്രങ്ങള്‍ സാമ്പത്തീകമായി വളരുന്നുണ്ടെങ്കിലും എങ്ങും, അസമാധാനത്തിന്റേയും, കലാപത്തിന്റേയും, യുദ്ധവെറിയുടേയും ചിത്രങ്ങള്‍ മാത്രം. കുടുംബസംസ്കാരത്തിനു വേണ്ടത്ര മൂല്യം കല്‍പ്പിയ്ക്കാത്തതിനാല്‍ സ്ത്രീകള്‍ക്കുനേരെയുള്ള അക്രമങ്ങളും, ഭ്രൂണഹത്യകളും, വിവാഹേതരബന്ധങ്ങള്‍മൂലമുള്ള രോഗങ്ങളും കൂടുതല്‍ രൂക്ഷമാക്കി.
മറ്റു രാഷ്ട്രങ്ങളുടേതില്‍ നിന്നും വ്യത്യസ്തമായി ഭാരതം നൂറ്റാണ്ടുകളായി കുടുംബസംസ്കാരത്തെ മുറുകെപ്പിടിയ്ക്കുകയും, അതതുകാലഘട്ടങ്ങളില്‍ വേണ്ടത്ര മാറ്റങ്ങള്‍ക്കു വിധേയമാക്കി ഒരു പവിത്രമായ ബന്ധമായി കുടുംബബന്ധങ്ങളെ മാറ്റിയേടുക്കുകയും ചെയ്തു. അതിന് ഭാരതം പിന്തുടര്ന്നുവന്ന വിശ്വാസപ്രമാണങ്ങളും, മാതൃകയാക്കികൊണ്ടുപോയിരുന്ന പൌരാണികബിംബങ്ങളും കുറേയേറെ ഭാരതത്തെ സഹായിച്ചുവെന്നുതന്നെ പറയാം.
അന്നത്തെ കുടുംബപശ്ചാത്തലം കാര്‍ഷികവ്യവസ്ഥിതിയെ തൊട്ടുചേര്‍ന്നായിരുന്നു നിലനിന്നുപോന്നത്...അതുകൊണ്ടുതന്നെ കുറച്ചൊക്കെ സാമ്പത്തികഒത്തൊരുമ കുടുംബാംഗങ്ങള്‍ക്കിടയില്‍ ദര്‍ശിയ്കാനാവുമായിരുന്നു.
കാര്‍ഷികപശ്ച്ചാത്തലം ഏറിയപങ്കും നഷ്ടമാവുകയും, പകരം ഉപഭോഗവ്യവസ്ഥിതിയിലേയ്ക്കു രാഷ്ടം കൂപ്പുകുത്തുകയും ചെയ്തതിന്റെ പരിണാമ ഫലമായി നാം ആകെ മാറിപ്പോയിരിയ്ക്കുന്നു. കൃഷിയും, കര്‍ഷകനും, വയലുമെല്ലാം പാഠപുസ്തകത്തിലെ രേഖാചിത്രങ്ങള്‍ മാത്രമാവുകയും, വൈറ്റ്കോളര്‍തൊഴിലുകളുടെ പിറകേ മനുഷ്യന് പായുകയും ചെയ്തുതുടങ്ങിയതോടെ കൂട്ടുകുടുംബവ്യവസ്ഥിതി താറുമാറാവുകയും, പകരം അണുകുടുംബസംസ്കാരത്തിലേയ്ക്ക് മെല്ലെ നമ്മള് ചെന്നെത്തുകയും ചെയ്തു.
ജീവിതം മറ്റൊരു പാതയിലൂടെ കടന്നുപോവുകയാണ് .
പാശ്ചാത്യ രാഷ്ട്രങ്ങള്‍ നല്കിയ വര്‍ണ്ണവിസ്മയത്തില്‍, ആഡംബരപൂര്‍ണ്ണമായ ഉപഭോഗസംസ്കാരത്തിന്റെ കെണിയില്‍പ്പെട്ടുഴലുകയും, സാംസ്കാരികാധപതനത്തിന്റെ നിലയില്ലാക്കയത്തിലേയ്ക്കു കൂപ്പുകുത്തുകയുമായിരുന്നു മെല്ലെ നാം.
രാഷ്ട്രത്തിന്റെ തനതു തൊഴില്‍ സംസ്കാരം നിലനിര്‍ത്താതെ സമൂഹം മറ്റു തൊഴില്‍ മേഖലകളിലേയ്ക്കു പ്രവേശിച്ചതോടെ കൂട്ടുകുടുംബകാഴ്ച്ചപ്പാടുകളില്‍ നിന്നും നമ്മള് അകലുകയായിരുന്നു. ഇടുങ്ങിയ അണുകുടുംബസംവിധാനത്തിലേയ്ക്കു കടന്ന നാം യഥാര്‍ത്ഥബന്ധങ്ങളില്‍ നിന്നുകൂടിയാണകന്നത്. പണമുണ്ടാക്കാനുള്ള പാച്ചിലില്‍ നഷ്ടപ്പെട്ടത് സ്നേഹത്താലിഴചേര്‍ക്കപ്പെട്ട രക്തബന്ധങ്ങള്‍കൂടിയാണ്. അമ്മ, അച്ഛന്, മുത്തശ്ശന്, മുത്തശ്ശി, അമ്മാവന്മാര്, അങ്ങിനെ നമ്മുടെ സാംസ്കാരികസ്രോതസ്സുകള്‍കൂടിയായ പലതിനേയും നമ്മള് അവഗണിച്ചു.
നാം നേടിയെടുത്തുവെന്ന് വൃഥാ ചിന്തിയ്ക്കുന നാലുചുവരുകള്‍ക്ക് ബലം പോരെന്ന് നമ്മള് മനസ്സിലാക്കിയില്ല.
നിസ്സാര പ്രശ്നങ്ങളില്‍ പോലും ചീട്ടുകൊട്ടാരം പോലെ തകരുന്ന ദാമ്പത്യബന്ധങ്ങളുടെ സ്ഥിരം കാഴ്ച്ചകള്‍ ...... പ്രശ്നങ്ങള്‍ വരുമ്പോള്‍ പരിഹരിയ്ക്കാനോ, താങ്ങും തണലുമായി നിന്നു സഹായിയ്ക്കാനോ, പലപ്പോഴും ആരുമില്ലാതെ വരിക...സമൂഹത്തിന് വ്യക്തിയിലോ, കുടുംബത്തിലോ സ്വാധീനമില്ലാതെ വരിക...അതുകൊണ്ടുതന്നെ സ്വീകാര്യതയുള്ള സുമനസ്സുക്കളുടെ പോലും സഹകരണങ്ങള്‍ വേണ്ടവിധം ലഭിയ്ക്കാതെ പ്രതിസന്ധികള്ക്കുമുന്പില് പതറുന്ന ആത്മവിശ്വാസം നഷ്ടപ്പെട്ട പുതിയൊരു മാനവസമൂഹത്തെയാണ് നമുക്കിന്നു കാണുവാന്‍ കഴിയുക.
ബന്ധുക്കളും, സ്വന്തക്കാരുമില്ല....തൊട്ടടുത്ത ഫ്ലാറ്റില്‍ താമസിയ്ക്കുന്ന വ്യക്തികളെ പോലും നമുക്കു പരിചയമില്ല...വീട്ടിലുള്ളവര്‍പോലും അപരിചിതരെപ്പോലെ എപ്പോഴോ കടന്നു വരുന്നു...വ്യത്യസ്തജീവിതമേഖലകളില്‍ പരസ്പരം മനസ്സിലാക്കാതെ ഭാര്യയും, ഭര്‍ത്താവും പോരടിയ്ക്കുന്നു. മുലപ്പാലിമൊപ്പം സ്നേഹംകൂടി പകര്‍ന്നുകിട്ടേണ്ട പ്രായത്തില്‍ ബോര്‍ഡിങ് മതില്‍ക്കെട്ടിനകത്തേയ്ക്കു വലിച്ചെറിയപ്പെടുന്ന ബാല്യങ്ങള്‍... പണക്കൊഴുപ്പില്‍ വഴിതെറ്റിപ്പോകുന്ന ഒരു പുതിയ തലമുറയെക്കൂടി സൃഷ്ടിയ്ക്കലായി ഇതിന്റെയെല്ലാം പരിണിതഫലം.
അതെ..!..ഇതെല്ലാം കൂടുതല്‍ ബാധിച്ചിരിയ്ക്കുന്നത് കുട്ടികളെത്തന്നെയാണ്. ഇന്റെര്‍നെറ്റ് പോലുള്ള സാങ്കേതികവൈദഗ്ധ്യത്തിന്റെ വളര്‍ച്ച അതിന്റെ ഉത്തുംഗ ശൃംഗത്തിലെത്തുകയും, ചാനല്‍ വിപ്ലവം പൊടിപൊടിയ്ക്കുകയും , ചെയ്തതോടെ അണുകുടുംബവ്യവസ്ഥിതി കുട്ടികളില്‍ ഉണ്ടാക്കിയിരിയ്കുന ഏതാണ്ട് അനാഥത്വം പോലുള്ള അവസ്ഥയില്‍നിന്നും പെട്ടെന്ന് മറ്റൊരു ദിശയിലേയ്ക്കു വലിച്ചുകൊണ്ടുപോവുകയായിരുന്നു.
കൌമാരപ്രായമുള്ള പെണ്‍കുട്ടികളെ പോലും തീരെ നിലവാരമില്ലാത്ത വസ്ത്രധാരണത്തിലേയ്ക്കും , ആഭാസനൃത്തച്ചുവടുകളിലേയ്ക്കും തള്ളിവിടുന്ന രക്ഷിതാക്കളെ നിയന്ത്രിയ്ക്കാന്‍ ഇന്ന് ആരുമില്ല. ചാനല്‍ മീഡിയയുടെ ശക്തമായ കച്ചവട തന്ത്രങ്ങളില്‍ പെട്ട് അടിപതറിയ മാതാപിതാക്കള്‍ പലപ്പോഴും നിയന്ത്രണരേഖകള്‍ ലംഘിച്ച് സ്വന്തം കുട്ടികളെ നാശത്തിന്റെ പടുകുഴിയിലേയ്ക്ക് തള്ളിവിടുന്ന കാഴ്ച്ച സാധാരണയായി.
ഒരു രാഷ്ട്രത്തിന്റെ സ്വഭാവം അവിടത്തെ പൌരന്മാരെ ആശ്രയിച്ചാണു നിലകൊള്ളുന്നത്. അതിനര്‍ത്ഥം ഒരു വ്യക്തി നന്നാവുന്നതോടെ അയാളുടെ കുടുംബവും, അതിലൂടെ ഒരു സമൂഹവും ഒപ്പവും രാഷ്ട്രവും ഉന്നത നിലവാരത്തിലേയ്ക്കുയരുന്നുവെന്നാണല്ലോ... ഇത്തരം മാറ്റങ്ങള്‍ ശരിയായ രീതിയില്‍ നടക്കണമെങ്കില്‍ കുടുംബവ്യവസ്ഥിതിയില്‍ ഇന്നു സംഭവിച്ചിരിയ്ക്കുന അപചയം പരിഹരിയ്ക്കപ്പെടണം. നിസ്സാരപ്രശ്നങ്ങള്‍ക്കു മുന്പില് പോലും ഭയപ്പെട്ട് ആത്മവിശ്വാസം പ്രകടിപ്പിയ്ക്കാനാവാതെ പകച്ചു നില്‍ക്കുകയും, പണത്തിനും, അനാവശ്യ അനുകരണങ്ങള്‍ക്കും പിറകേ മാത്രം പോകുകയും ചെയ്യുന്ന സമൂഹമനസ്സാക്ഷിയ്ക്ക് ഇന്ന് ശക്തമായ ഒരു തിരുത്തലാണാവശ്യം.
ബന്ധങ്ങളുടെ ആഴവും, പരപ്പും വ്യക്തമായി മനസ്സിലാക്കി നിയന്ത്രിയ്ക്കാനും, നിയന്ത്രിയ്ക്കപ്പെടാനുമുള്ള ശക്തമായ കുടുംബവ്യവസ്ഥിതി തിരികെ പുന:സൃഷ്ടിച്ചെടുക്കുക എന്ന ശ്രമകരമായ ദൌത്യം ഒരു വെല്ലുവിളി പോലെ ഏറ്റെടുത്ത് സ്വന്തം കുടുംബത്തില്‍ കാലികമായ മാറ്റം ഉറപ്പുവരുത്തുക. അതിലൂടെ സമൂഹത്തിനും രാഷ്ട്രത്തിനും മാതൃകയാവുക....അതാണ് ഇന്ന് നമുക്കാവശ്യം....അതിനായി പ്രവര്‍ത്തിയ്ക്കുക...ഓര്‍മ്മകളിലെ പച്ചപ്പ് കൂടുതല്‍ വ്യക്തതയുള്ളതും അവുഭവവുമായി മാറുമെന്നതില്‍ ലവലേശം സംശയമില്ല.....
വിജയം നമ്മുടേതായിരിയ്ക്കും...