മറന്നു തുടങ്ങിയോ മധുരം തുളുമ്പുന്നൊ-
രോര്‍മ്മ തന്‍ പച്ചത്തുരുത്തിലെയൊറ്റയടിപ്പാത
ശ്രീനിയും ഗള്‍ഫിന്റെ മണമുള്ള സാദിയും
പിന്നക്കരെനിന്നും സൈക്കിളിലെത്തുന്ന വേണുവും, രാജനും
കെട്ടിപ്പിടിച്ചും കൂടിമറിഞ്ഞും കളിച്ച നാളെത്തി
പ്പിടിയ്ക്കുവാനൊക്കുമോ സ്വപ്നത്തിലെങ്കിലും
കൊമ്പാലമൂര്‍ഖന്‍ കളിയ്ക്കുവാന്‍, തുഞ്ചത്തൊ-
രൂഞ്ഞാലുകെട്ടിയാട്ടിയ കൂനുള്ളമാവിനെ
തൊട്ടുമ്മ വയ്ക്കുവാന്‍ പറ്റുമോ?
പട്ടം പറപ്പിച്ചു നടക്കുമ്പോള്‍ കിട്ടിയ ചേലുള്ള
മൈനതന്‍ മിന്നുന്ന തൂവലില്‍ മൂക്കൊന്നുരസ്സുവാന്‍
പുസ്തകത്താളില്‍ പെറ്റുപെരുകുന്ന
പീലിക്കണ്ണൊന്നിരുട്ടില്‍ തലോടുവാന്‍
ചെറുകാറ്റില്‍ തുരുതുരാ വീഴുന്ന മാമ്പഴ
ക്കൂട്ടം പെറുക്കുവാന്‍, ചപ്പിക്കുടിയ്ക്കുവാന്‍
പുതുമഴപെയ്യുമ്പോള്‍ ആലിപ്പഴംനോക്കി
യോടിനനയുന്ന കുട്ടിയായ് മാറുവാനൊക്കുമോ
കടവിന്നരികില്‍ വന്നെത്തിനോക്കും ചെറു
മീനിന്നു ചോറെറിഞ്ഞുകൊടുക്കുവാനാകുമോ
ഉച്ചസമയത്ത് മുരളിയോടൊപ്പമിരുന്നെന്റെയൂണു
പകുത്തുകഴിയ്ക്കുന്ന നേരമുണ്ടാകുമോ
ആമ്പല്‍ പറിയ്ക്കുവാന്‍ ചതുപ്പിലിറങ്ങിതാഴുന്ന നേരമീ
കൈ പിടിച്ചുയര്‍ത്തിയ റിജുവിനെക്കാണുമോ
ആഴ്ച്ചയൊടുവിലായ് സ്കൂളിന്റെ വേദിയില്‍
പാടിത്തിമിര്‍ക്കുന്ന അവന്റെ പാട്ടൊന്നു കേള്‍ക്കുമോ
കാട്ടാളവേഷം പകര്‍ന്നാടി കരിനിറം കഴുകി
തളര്‍ന്ന തേക്കുകാട്ടിലെ ചോലയൊഴുക്കിനെ
ഇനിയൊന്നുകൂടിക്കാണുവാന്‍ അവിടൊന്നു നീന്തി
ത്തുടിയ്ക്കുവാന്‍ കാലമേ നീ തിരിച്ചോടുമോ എനിയ്ക്കായ്
*അഭിപ്രായങ്ങള്‍ പോസ്റ്റു ചെയ്യുമല്ലോ*
No comments:
Post a Comment
അഭിപ്രായങ്ങള്‍