August 18, 2010

നിഴലുകള്‍ കഥ പറയുന്നിടം...

ഒരു തുള്ളി കണ്ണീരില്ലാതെ
കടലോളം കരഞ്ഞു
ഒരുവാക്കുരിയാടാതെ
ഒരായിരം സങ്കടം പറഞ്ഞു
അവളുടെ മൌനമാണ് എന്നെ
ഏറെ വേദനിപ്പിച്ചത്..

അവള്‍.!
ഒരു നിമിഷത്തിന്റെ പുത്രി
ഒരു സ്വപ്നത്തിന്റെ നൊമ്പരം!
അവളുടെ ദു:ഖക്കടലില്‍
ഞാന്‍ മുങ്ങിത്താഴുമോ
കണ്ണു തുറന്നപ്പോള്‍ ശാന്തം
അതും കനവായിരുന്നുവോ?..!

അവളെന്നെ കാമത്താല്‍
നോക്കിയപ്പോഴെല്ലാം
ഞാന്‍ അക്ഷരങ്ങളുടെ തടവിലായിരുന്നു...
അവള്‍ക്കു മടുത്തിട്ടുണ്ടാവുമോ..?
ഒരു സമയം ഞാന്‍ ചോദിച്ചു..
പൊടുന്നനേ
അവളുടെ കണ്ണില്‍ നിന്നും
രക്തമിറ്റു വീഴുന്നതു ഞാന്‍ കണ്ടു..
അഗ്നി ജ്വലിയ്ക്കുന്നതും....
ഞാന്‍ വീണ്ടും
അക്ഷരങ്ങളിലേയ്ക്കു തല കുമ്പിട്ടു
അഗ്നി വിഴുങ്ങുന്ന
അക്ഷരങ്ങളേയും എന്നെയും
കുറിച്ചോര്‍ത്ത് ഞാന്‍ ഭയന്നു

നീറിയെരിയുന്ന എന്നെ ഞാന്‍
എന്റെ ഹൃദയത്തില്‍ നിന്നും
കണ്ടു..
മരണത്തിനു തൊട്ടുമുന്‍‌പുള്ള
നോട്ടം
നിഴലുകള്‍ കഥ പറയുന്നിടത്തേയ്ക്കുള്ള
എന്റെ പ്രയാണം.....
എനിയ്ക്കറിയില്ല
അതേതു ലോകമാണെന്ന്.....
നിറമോ ഗന്ധമോ അറിയില്ല
അവിടെ സൂര്യനുണ്ടാവുമോ..?
ആ സൂര്യന്റെ ചൂടില്‍
പകല്‍ കത്തിയെരിയുമോ
അറിയില്ല..
രാവില്‍ നിലാവുദിയ്ക്കുമോ..
ആ കുളിരില്‍ എല്ലാം തണുത്തുറയുമോ..?
അറിയില്ലെനിയ്ക്ക്..
അവളുണ്ടാകുമോ..?
അവളില്ലാത്ത നിമിഷങ്ങളെ
ഞാനെങ്ങിനെ അതിജീവിയ്ക്കും??
അതുമറിയില്ല...!

ഒറ്റയാള്‍ പോലുമില്ലാത്ത
തെരുവ്
എത്ര ദൂ‍രം താണ്ടണമാവും ഇനിയും..
ഒരിയ്ക്കലും തുറക്കാത്ത
കണ്ണുകള്‍ തരുന്ന
അവസാനത്തെ കാഴ്ച്ചയാവുമോ ഇത്...?
അതുമറിയില്ലെനിയ്ക്ക്....
എഴുത്തു നിറുത്തി ഞാന്‍ പേന താഴെ വച്ചു...

No comments:

Post a Comment

അഭിപ്രായങ്ങള്‍