August 19, 2010

എന്നാണിനി ഞാന്‍ നന്നാവുക?

കേള്‍ക്കാന്‍ മടിയായിരുന്നെനിയ്ക്ക്..
കേട്ടിരുന്നവര്‍ മടുത്തുറങ്ങിയപ്പോഴും
കേള്‍പ്പിയ്ക്കാന്‍ ഞാനേറെ ശ്രമിച്ചു
അക്ഷരങ്ങള്‍ക്കിടയില്‍
അര്‍ത്ഥമിരുന്നു ഞരങ്ങുമ്പോഴും
ആലസ്യത്തിലായിരുന്നവരെ
വീണ്ടും അസ്വസ്ഥരാക്കിക്കൊണ്ട്
ഞാനെന്റെ പ്രസംഗം തുടര്‍ന്നു......


ചിരിപ്പിയ്ക്കാന്‍
അറിയില്ലെനിയ്ക്കിപ്പോഴും
കരയുന്നവന്‍‌റ്റെയുള്ളിലേയ്ക്ക്
തീക്കനല്‍‌വാരിയിടാനല്ലാതെ..
വേദനയാല്‍ അവന്‍ പുളയുമ്പോഴും
ഞാന്‍ ചിരിച്ചുകൊണ്ടിരുന്നു...

അഹിംസയെന്നോതിയ മഹാത്മജിയെ
ക്വിറ്റിന്ത്യയെന്ന് പറഞ്ഞ് ഞാനാട്ടിപ്പായിച്ചു
ഒരുജാതിയൊരുമതമെന്നു പറഞ്ഞ
ഗുരുവിനെ കണ്ണാടിക്കൂട്ടിലടച്ചു...
എങ്കിലും കാലം എനിയ്ക്കു കൂട്ടായി നിന്നു
കണ്ണീരോടെ.....

ദൈവം എന്റെ പരാതികേള്‍ക്കാന്‍
വിധിയ്ക്കപ്പെട്ടവനായിരുന്നു....
എന്റെ തടവില്‍ നിന്നും രക്ഷപ്പെടാന്‍ ഞാന്‍
അവനെയനുവദിച്ചില്ലയിതുവരെ
അവന്റെ വചനങ്ങള്‍ വൃഥാ ഭൂമിയില്‍
കറങ്ങിക്കൊണ്ടിരുന്നപ്പോളും
ഞാനവനെ പ്രാര്‍ത്ഥനകളാല്‍
ശ്വാസം‌മുട്ടിച്ചുകൊണ്ടിരുന്നു....

കാലുകുത്താനിടം തന്ന മണ്ണിനു
കപ്പം ചുമത്തി ഞാന്‍ ജന്മിയായി
കൂടെപ്പിറന്ന സഹജീവികള്‍ക്കു ഞാന്‍
ജാതിതിരിവിന്‍‌റ്റെ തീണ്ടലും വിധിച്ചു
സത്യത്തെക്കെട്ടിയിട്ടു ചാട്ടവാറിനടിച്ചു
നുണയെ മിത്രമായികൂടെക്കൂട്ടി....

അക്ഷരങ്ങള്‍ക്കെതിരെ ഞാന്‍ സമരം ചെയ്തു
ഇരുട്ടില്‍നിന്നു യുദ്ധം ചെയ്യുമ്പോഴും
വെളിച്ചത്തെയെനിയ്ക്കു ഭയമായിരുന്നു....
വെളിച്ചത്തെ തോപ്പിയ്ക്കാനെനി-
യ്ക്കാവില്ലയെന്നോര്‍ത്തപ്പോള്‍...
എന്റെ നാവും തൊണ്ടയും വരണ്ടു
അപ്പോഴും പരാജയം സമ്മതിയ്ക്കാന്‍
എനിയ്ക്കായില്ല...
അവസാനവിജയം എന്റേതല്ലെന്നറിഞ്ഞപ്പോഴും...

*അഭിപ്രായങ്ങള്‍ പോസ്റ്റു ചെയ്യുമല്ലോ*

ഓര്‍മ്മകളിലെ പച്ചപ്പ്--ഒരു നേര്‍ക്കാഴ്ച്ച

ഒരിളം പച്ചപ്പ്. ഓര്‍മ്മകള്‍ പിറകോട്ടു യാത്രയാകുമ്പോള്‍ കണ്മുന്നില്‍ തെളിയുനത് തുറന്ന സ്നേഹത്തിന്റെ നേര്‍ചിത്രങ്ങളായിരുന്നു...

നോക്കെത്താദൂരം പച്ചവയലുകള്‍ പരന്നുകിടക്കുന്നു.ആ പഴയ ഗ്രാമാന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന ഓരോ മുഖങ്ങളിലും നന്മയുടെ ഒരു നനുനനുപ്പ് പടര്‍ന്നിരുന്നു...അവരുടെയൊക്കെ ചിരിയ്ക്കുതന്നെ നമ്മുടെയുള്ളില്‍ കുളിരുവീഴ്ത്താന്‍ കഴിയുമായിരുന്നു. പാടങ്ങള്‍ക്കിടയിലൂടെയുള്ള വരമ്പുകള്‍ ചെന്നെത്തുന്നത് ഇടുങ്ങിയ ചെറിയ മണ്‍പാതയിലേയ്ക്കാണ്...മനസ്സ് ഏറെ തുടിയ്ക്കുന്ന നിമിഷങ്ങളാണിവ. കാരണം ഒരു അവധിക്കാലത്തോ, ഉത്സവാഘോഷ അവസരങ്ങളിലോ ഒക്കെയാണ് ഞാന്‍ എന്റെ ഈ തറവാട്ടുമുറ്റത്തെത്താറുള്ളത്... പറമ്പിലെങ്ങും ഓടിനടക്കുന്ന കുട്ടികള്‍.. ചിത്രശലഭങ്ങളും, തുമ്പികളും പൂക്കളെ വട്ടമിട്ടു പറക്കുന്നു..ഇതുവരെ കാണാതിരുന്ന കൊച്ചുകൊച്ചുകിളികള്‍ .... എങ്ങും പൂക്കളുടെ വര്‍ണ്ണലോകം...

ഞാന്‍ ചെന്നതോടെ ഞാനും കുട്ടിക്കൂട്ടത്തിന്റെ ഭാഗമായി. ചിരിയും കളിയുമായി..ഒരു കുടുംബത്തിന്റെ ഒത്തുചേരല്‍കൂടിയാണിത്...അമ്മമ്മയും, മുത്തശ്ശനും,അമ്മാവന്മാരും, കുട്ടികളും..അമ്മയും..അനുജനും, അനുജത്തിയും .ഞാനുമൊക്കെചേര്‍ന്ന ഒരു ലോകം...

അവിടെ കാപട്യങ്ങളില്ലായിരുന്നു. തുറന്നുവിട്ട വെള്ളച്ചാലുപോലെയായിരുന്നു സ്നേഹം. യാതൊരു തടസ്സവുമില്ലാതെ എല്ലാവര്‍ക്കും ഒരേപോലെ പകര്‍ന്നുകൊണ്ടിരുന്ന സ്നേഹത്തിന്റെ ഉറവുചാല്‍..!..

എല്ലാം ഓര്‍മ്മകളായിരിയ്ക്കുന്നു.

കുടുംബം..!....ആദിമമനുഷ്യനില്‍ നിന്നും മാറ്റങ്ങള്‍ക്കനുസൃതമായി നാം നേടിയെടുത്ത ഏറ്റവും മഹത്തായ ഒന്നാണ് കുടുംബസംസ്കാരം. തങ്ങളുടെ വികാരങ്ങള്‍ക്കും, മാനസീകവ്യാപാരങ്ങള്‍ക്കും ഉതകുന്ന ഒരു സങ്കേതമായി ഏതൊരു മനുഷ്യനും കുടുംബത്തെ കാണുന്നു. ഉണ്ണാനും, ഉറങ്ങാനും മാത്രമല്ലാതെ തന്നിലുള്ള സ്നേഹമെന്ന വികാരത്തെ കൂട്ടിയോജിപ്പിയ്ക്കാനും, നിലനില്‍ക്കുന്ന- നൈരന്തര്യം പുലര്‍ത്തുന്ന ഒന്നായി ഈ വൈകാരികഭാവങ്ങളെ കൂടുതല്‍ ആഴത്തില്‍, വ്യക്തതയോടെ എഴുതിച്ചേര്‍ക്കാനും കുടുംബം എന്ന സങ്കല്‍പ്പത്തിനു കഴിഞ്ഞതാണ് ഈ സങ്കേതം ഒരു സംസ്കാരമായി വളര്‍ന്നതിന്റെ പ്രധാന കാരണം.

എന്നാല്‍ പാശ്ചാത്യരാജ്യങ്ങളാവട്ടെ കുടുംബസംസ്കാരത്തിന് നല്‍കിയ മൂല്യക്കുറവ്‌ അവരുടെ കണ്ണികള്‍ നഷ്ടപ്പെട്ട ബന്ധങ്ങള്‍ക്കു കാരണമായി. രാഷ്ട്രങ്ങള്‍ സാമ്പത്തീകമായി വളരുന്നുണ്ടെങ്കിലും എങ്ങും, അസമാധാനത്തിന്റേയും, കലാപത്തിന്റേയും, യുദ്ധവെറിയുടേയും ചിത്രങ്ങള്‍ മാത്രം. കുടുംബസംസ്കാരത്തിനു വേണ്ടത്ര മൂല്യം കല്‍പ്പിയ്ക്കാത്തതിനാല്‍ സ്ത്രീകള്‍ക്കുനേരെയുള്ള അക്രമങ്ങളും, ഭ്രൂണഹത്യകളും, വിവാഹേതരബന്ധങ്ങള്‍മൂലമുള്ള രോഗങ്ങളും കൂടുതല്‍ രൂക്ഷമാക്കി.

മറ്റു രാഷ്ട്രങ്ങളുടേതില്‍ നിന്നും വ്യത്യസ്തമായി ഭാരതം നൂറ്റാണ്ടുകളായി കുടുംബസംസ്കാരത്തെ മുറുകെപ്പിടിയ്ക്കുകയും, അതതുകാലഘട്ടങ്ങളില്‍ വേണ്ടത്ര മാറ്റങ്ങള്‍ക്കു വിധേയമാക്കി ഒരു പവിത്രമായ ബന്ധമായി കുടുംബബന്ധങ്ങളെ മാറ്റിയേടുക്കുകയും ചെയ്തു. അതിന് ഭാരതം പിന്തുടര്‍ന്നുവന്ന വിശ്വാസപ്രമാണങ്ങളും, മാതൃകയാക്കികൊണ്ടുപോയിരുന്ന പൌരാണികബിംബങ്ങളും കുറേയേറെ ഭാരതത്തെ സഹായിച്ചുവെന്നുതന്നെ പറയാം.

അന്നത്തെ കുടുംബപശ്ചാത്തലം കാര്‍ഷികവ്യവസ്ഥിതിയെ തൊട്ടുചേര്‍ന്നായിരുന്നു നിലനിന്നുപോന്നത്...അതുകൊണ്ടുതന്നെ കുറച്ചൊക്കെ സാമ്പത്തികഒത്തൊരുമ കുടുംബാംഗങ്ങള്‍ക്കിടയില്‍ ദര്‍ശിയ്കാനാവുമായിരുന്നു.
കാര്‍ഷികപശ്ച്ചാത്തലം ഏറിയപങ്കും നഷ്ടമാവുകയും, പകരം ഉപഭോഗവ്യവസ്ഥിതിയിലേയ്ക്കു രാഷ്ടം കൂപ്പുകുത്തുകയും ചെയ്തതിന്റെ പരിണാമ ഫലമായി നാം ആകെ മാറിപ്പോയിരിയ്ക്കുന്നു. കൃഷിയും, കര്‍ഷകനും, വയലുമെല്ലാം പാഠപുസ്തകത്തിലെ രേഖാചിത്രങ്ങള്‍ മാത്രമാവുകയും, വൈറ്റ്കോളര്‍തൊഴിലുകളുടെ പിറകേ മനുഷ്യന്‍ പായുകയും ചെയ്തുതുടങ്ങിയതോടെ കൂട്ടുകുടുംബവ്യവസ്ഥിതി താറുമാറാവുകയും, പകരം അണുകുടുംബസംസ്കാരത്തിലേയ്ക്ക് മെല്ലെ നമ്മള്‍ ചെന്നെത്തുകയും ചെയ്തു.

ജീവിതം മറ്റൊരു പാതയിലൂടെ കടന്നുപോവുകയാണ് .

പാശ്ചാത്യ രാഷ്ട്രങ്ങള്‍ നല്‍കിയ വര്‍ണ്ണവിസ്മയത്തില്‍, ആഡംബരപൂര്‍ണ്ണമായ ഉപഭോഗസംസ്കാരത്തിന്റെ കെണിയില്‍പ്പെട്ടുഴലുകയും, സാംസ്കാരികാധപതനത്തിന്റെ നിലയില്ലാക്കയത്തിലേയ്ക്കു കൂപ്പുകുത്തുകയുമായിരുന്നു മെല്ലെ നാം.

രാഷ്ട്രത്തിന്റെ തനതു തൊഴില്‍ സംസ്കാരം നിലനിര്‍ത്താതെ സമൂഹം മറ്റു തൊഴില്‍ മേഖലകളിലേയ്ക്കു പ്രവേശിച്ചതോടെ കൂട്ടുകുടുംബകാഴ്ച്ചപ്പാടുകളില്‍ നിന്നും നമ്മള്‍ അകലുകയായിരുന്നു. ഇടുങ്ങിയ അണുകുടുംബസംവിധാനത്തിലേയ്ക്കു കടന്ന നാം യഥാര്‍ത്ഥബന്ധങ്ങളില്‍ നിന്നുകൂടിയാണകന്നത്. പണമുണ്ടാക്കാനുള്ള പാച്ചിലില്‍ നഷ്ടപ്പെട്ടത് സ്നേഹത്താലിഴചേര്‍ക്കപ്പെട്ട രക്തബന്ധങ്ങള്‍കൂടിയാണ്. അമ്മ, അച്ഛന്‍, മുത്തശ്ശന്‍, മുത്തശ്ശി, അമ്മാവന്മാര്‍, അങ്ങിനെ നമ്മുടെ സാംസ്കാരികസ്രോതസ്സുകള്‍കൂടിയായ പലതിനേയും നമ്മള്‍ അവഗണിച്ചു.

നാം നേടിയെടുത്തുവെന്ന് വൃഥാ ചിന്തിയ്ക്കുന നാലുചുവരുകള്‍ക്ക് ബലം പോരെന്ന് നമ്മള്‍ മനസ്സിലാക്കിയില്ല.

നിസ്സാര പ്രശ്നങ്ങളില്‍ പോലും ചീട്ടുകൊട്ടാരം പോലെ തകരുന്ന ദാമ്പത്യബന്ധങ്ങളുടെ സ്ഥിരം കാഴ്ച്ചകള്‍ ...... പ്രശ്നങ്ങള്‍ വരുമ്പോള്‍ പരിഹരിയ്ക്കാനോ, താങ്ങും തണലുമായി നിന്നു സഹായിയ്ക്കാനോ, പലപ്പോഴും ആരുമില്ലാതെ വരിക...സമൂഹത്തിന് വ്യക്തിയിലോ, കുടുംബത്തിലോ സ്വാധീനമില്ലാതെ വരിക...അതുകൊണ്ടുതന്നെ സ്വീകാര്യതയുള്ള സുമനസ്സുക്കളുടെ പോലും സഹകരണങ്ങള്‍ വേണ്ടവിധം ലഭിയ്ക്കാതെ പ്രതിസന്ധികള്‍ക്കുമുന്‍പില്‍ പതറുന്ന ആത്മവിശ്വാസം നഷ്ടപ്പെട്ട പുതിയൊരു മാനവസമൂഹത്തെയാണ് നമുക്കിന്നു കാണുവാന്‍ കഴിയുക.

ബന്ധുക്കളും, സ്വന്തക്കാരുമില്ല....തൊട്ടടുത്ത ഫ്ലാറ്റില്‍ താമസിയ്ക്കുന്ന വ്യക്തികളെ പോലും നമുക്കു പരിചയമില്ല...വീട്ടിലുള്ളവര്‍പോലും അപരിചിതരെപ്പോലെ എപ്പോഴോ കടന്നു വരുന്നു...വ്യത്യസ്തജീവിതമേഖലകളില്‍ പരസ്പരം മനസ്സിലാക്കാതെ ഭാര്യയും, ഭര്‍ത്താവും പോരടിയ്ക്കുന്നു. മുലപ്പാലിമൊപ്പം സ്നേഹംകൂടി പകര്‍ന്നുകിട്ടേണ്ട പ്രായത്തില്‍ ബോര്‍ഡിങ് മതില്‍ക്കെട്ടിനകത്തേയ്ക്കു വലിച്ചെറിയപ്പെടുന്ന ബാല്യങ്ങള്‍... പണക്കൊഴുപ്പില്‍ വഴിതെറ്റിപ്പോകുന്ന ഒരു പുതിയ തലമുറയെക്കൂടി സൃഷ്ടിയ്ക്കലായി ഇതിന്റെയെല്ലാം പരിണിതഫലം.

അതെ..!..ഇതെല്ലാം കൂടുതല്‍ ബാധിച്ചിരിയ്ക്കുന്നത് കുട്ടികളെത്തന്നെയാണ്. ഇന്റെര്‍നെറ്റ് പോലുള്ള സാങ്കേതികവൈദഗ്ധ്യത്തിന്റെ വളര്‍ച്ച അതിന്റെ ഉത്തുംഗ ശൃംഗത്തിലെത്തുകയും, ചാനല്‍ വിപ്ലവം പൊടിപൊടിയ്ക്കുകയും , ചെയ്തതോടെ അണുകുടുംബവ്യവസ്ഥിതി കുട്ടികളില്‍ ഉണ്ടാക്കിയിരിയ്കുന ഏതാണ്ട് അനാഥത്വം പോലുള്ള അവസ്ഥയില്‍നിന്നും പെട്ടെന്ന് മറ്റൊരു ദിശയിലേയ്ക്കു വലിച്ചുകൊണ്ടുപോവുകയായിരുന്നു.

കൌമാരപ്രായമുള്ള പെണ്‍കുട്ടികളെ പോലും തീരെ നിലവാരമില്ലാത്ത വസ്ത്രധാരണത്തിലേയ്ക്കും , ആഭാസനൃത്തച്ചുവടുകളിലേയ്ക്കും തള്ളിവിടുന്ന രക്ഷിതാക്കളെ നിയന്ത്രിയ്ക്കാന്‍ ഇന്ന്‌ ആരുമില്ല. ചാനല്‍ മീഡിയയുടെ ശക്തമായ കച്ചവട തന്ത്രങ്ങളില്‍ പെട്ട് അടിപതറിയ മാതാപിതാക്കള്‍ പലപ്പോഴും നിയന്ത്രണരേഖകള്‍ ലംഘിച്ച് സ്വന്തം കുട്ടികളെ നാശത്തിന്റെ പടുകുഴിയിലേയ്ക്ക് തള്ളിവിടുന്ന കാഴ്ച്ച സാധാരണയായി.

ഒരു രാഷ്ട്രത്തിന്റെ സ്വഭാവം അവിടത്തെ പൌരന്മാരെ ആശ്രയിച്ചാണു നിലകൊള്ളുന്നത്. അതിനര്‍ത്ഥം ഒരു വ്യക്തി നന്നാവുന്നതോടെ അയാളുടെ കുടുംബവും, അതിലൂടെ ഒരു സമൂഹവും ഒപ്പവും രാഷ്ട്രവും ഉന്നത നിലവാരത്തിലേയ്ക്കുയരുന്നുവെന്നാണല്ലോ... ഇത്തരം മാറ്റങ്ങള്‍ ശരിയായ രീതിയില്‍ നടക്കണമെങ്കില്‍ കുടുംബവ്യവസ്ഥിതിയില്‍ ഇന്നു സംഭവിച്ചിരിയ്ക്കുന അപചയം പരിഹരിയ്ക്കപ്പെടണം. നിസ്സാരപ്രശ്നങ്ങള്‍ക്കു മുന്‍പില്‍ പോലും ഭയപ്പെട്ട് ആത്മവിശ്വാസം പ്രകടിപ്പിയ്ക്കാനാവാതെ പകച്ചു നില്‍ക്കുകയും, പണത്തിനും, അനാവശ്യ അനുകരണങ്ങള്‍ക്കും പിറകേ മാത്രം പോകുകയും ചെയ്യുന്ന സമൂഹമനസ്സാക്ഷിയ്ക്ക് ഇന്ന് ശക്തമായ ഒരു തിരുത്തലാണാവശ്യം.

ബന്ധങ്ങളുടെ ആഴവും, പരപ്പും വ്യക്തമായി മനസ്സിലാക്കി നിയന്ത്രിയ്ക്കാനും, നിയന്ത്രിയ്ക്കപ്പെടാനുമുള്ള ശക്തമായ കുടുംബവ്യവസ്ഥിതി തിരികെ പുന:സൃഷ്ടിച്ചെടുക്കുക എന്ന ശ്രമകരമായ ദൌത്യം ഒരു വെല്ലുവിളി പോലെ ഏറ്റെടുത്ത് സ്വന്തം കുടുംബത്തില്‍ കാലികമായ മാറ്റം ഉറപ്പുവരുത്തുക. അതിലൂടെ സമൂഹത്തിനും രാഷ്ട്രത്തിനും മാതൃകയാവുക....അതാണ് ഇന്ന് നമുക്കാവശ്യം....അതിനായി പ്രവര്‍ത്തിയ്ക്കുക...ഓര്‍മ്മകളിലെ പച്ചപ്പ് കൂടുതല്‍ വ്യക്തതയുള്ളതും അവുഭവവുമായി മാറുമെന്നതില്‍ ലവലേശം സംശയമില്ല.....

വിജയം നമ്മുടേതായിരിയ്ക്കും...

August 18, 2010

തൂലികയുന്തുന്നവര്‍


അക്ഷരമറിയാത്ത പേനയും അകക്കണ്ണില്ലാത്ത മനസ്സും
ആത്മാവില്ലാത്ത പുസ്തകമെഴുതി...
കണ്ണീരും, പുഞ്ചിരിയും, പ്രണയവും, പകയുമാ-
കോലായിലേയ്ക്കുവന്നില്ല....

വെറും മാംസപിണ്ഡമായ്
വഴിയോരത്തെ പുസ്തകശാലയിലും ഞാനവനെ കണ്ടു..
അവന്റെ കണ്ണിന്റെ പോളകള്‍ ഞാന്‍ വലിച്ചു തുറന്നു..
നിര്‍വികാരത...അതുമാത്രമായിരുന്നു ഇരുട്ടു ഗോളങ്ങളില്‍...

ഞാന്‍ ചോദിച്ചു...
എന്തിനു നിന്നെയീ പെരുവഴിയിലേയ്ക്കവര്‍ പറഞ്ഞയച്ചു...
നാവില്ലാത്ത പുസ്തകത്തിനു മറുപടിയില്ലായിരുന്നു....
ഞാനൂഹിച്ചു....ഇവനാണടുത്ത അവാര്‍ഡ്...

*അഭിപ്രായങ്ങള്‍ പോസ്റ്റു ചെയ്യുമല്ലോ*

എന്താണ് ഞാനെഴുതുന്നത്?


ഒരുവരിയെഴുതാന്‍ ഒരായിരം വാക്കു തേടി..
ഒരുകഥയെഴുതാന്‍ നൂറായിരം ദിക്കു പോയി..
അവസാനമറിഞ്ഞു......
കഥയിലെ വരിയുടെ വാക്കൊന്നുപോലും
എനിയ്ക്കു സ്വന്തമല്ലെന്ന്..

തീന്മേശയിലിരുന്ന് വിശപ്പിനേക്കുറിച്ചും...
ശീതീകരിച്ച മുറിയിലിരുന്ന് ഓലപ്പുരയിലെ
ഇല്ലായ്മയെക്കുറിച്ചും....
ഞാന്‍ അക്ഷരങ്ങള്‍ കൂട്ടിവച്ചു...

സ്വന്തം നിഴലിനെ പ്രണയിയ്ക്കാതെ ...
ലോകത്തെ സ്നേഹമെന്തെന്നു ഉപദേശിച്ചു....
പരസ്പര ബന്ധമില്ലാത്ത വാക്കുകള്‍
ചേര്‍ത്ത് ലോകോത്തര സാഹിത്യങ്ങള്‍ രചിച്ചു...

പലരും പുകഴ്ത്തുമ്പോഴും ഉള്ളില്‍ ഞ്ഞാന്‍
എന്നോടു ചോദിച്ചതൊന്നു മാത്രം
എന്താണ് ഞാനെഴുതുന്നത്?????


*അഭിപ്രായങ്ങള്‍ പോസ്റ്റു ചെയ്യുമല്ലോ*

തെണ്ടി

അന്നു മുഴുവന്‍ എന്റെ മനസ്സില്‍
അവളായിരുന്നു...
മണ്ണിലുരയുമ്പോള്‍ തരിപ്പുപോലുമില്ലാത്ത
കാലുകള്‍
വലിച്ചിഴച്ച് ഞാന്‍ നടന്നു....
കത്തുന്ന വെയിലത്ത്
സിഗ്നലില്‍ പെട്ടു കിടക്കുന്ന
കാറുകളായിരുന്നു എന്റെ ഉന്നം
തിരക്കിലൂടെ ഞാന്‍
ഏന്തിവലിഞ്ഞ് കാറുകളുടെയടുത്തെത്തി
കൈകള്‍ നീട്ടുമ്പോള്‍
ഒരേ പ്രാര്‍ത്ഥനയായിരുന്നു...

ഇന്ന് ആരും തന്നെ കൈയ്യൊഴിയല്ലേ..
നാണയത്തുട്ടുകള്‍ കിട്ടിയതു
കൂട്ടിവച്ച് എണ്ണി....
എത്രയാവും അവള്‍ ചോദിയ്ക്കുക...
എത്രയായാലും അവള്‍ ഒരു ഹരമായി
തന്നെ പിടികൂടിയിട്ട് കാലമൊരുപാടായി
വൈകിട്ട് പമ്പിനടുത്തുള്ള
ടെക്സ്റ്റൈല്‍ ഷോപ്പിന്റെയരുകില്‍ ഇരുന്ന്
നടന്നുപോകുന്ന ആളുകള്‍ക്കു നേരെ കൈനീട്ടുമ്പോഴും
അതേ ചിന്തയായിരുന്നു ഉള്ളില്‍..
അതിലൂടെയാണ് അവള്‍ നടന്നു പോവാറ്‌
ഞാനോര്‍ത്തു.....
നടക്കുമ്പോള്‍ കിലുങ്ങുന്ന
തിള
ക്കമുള്ള പാദസരം
കിലുങ്ങുന്നത് അവളുടെ കാലിലല്ല....
തന്റെ ഹൃദയത്തിലാണ്
നടപ്പിന്റെ താളത്തില്‍ ഇളകുനത്
അവളുടെ ശരീരമല്ല....
തന്റെ ഉള്ളാണ്....
ഒരായുസ്സുമുഴുവന്‍ കൂട്ടിവച്ച
ചുംബനങ്ങള്‍ ഇന്നു ഞാന്‍
അവളുടെ മേനിയില്‍ വാരിവിതറും...
അവളില്‍ പടര്‍ന്നുകയറാന്‍
എന്റെ മനസ്സു വെമ്പി...
പടികയറുമ്പോള്‍ വിറയ്ക്കുന്നുണ്ടായിരുന്നു...
ശ്വാസമെടുക്കാന്‍പോലും ഒരു വിഷമം
മനസ്സത്ര ത്രസിച്ചിരുന്നു....
വാതില്‍ തുറന്ന അവള്‍ പുഞ്ചിരിച്ചു..
എന്നിട്ടകത്തേയ്ക്കു പോയി...
തിരിച്ചു വന്ന അവള്‍ ഒരു പത്തുരൂപാനോട്ട്
എന്റെ കൈയില്‍ വച്ചു തന്നു.....
നനവില്ലാത്ത കണ്ണീരോടെ
തിരിച്ചു നടക്കുമ്പോള്‍ സ്വയം വിളിച്ചു
‘തെണ്ടി’

കൂടപ്പിറപ്പ്

പ്രിയേ..
നീ എവിടെയാണ്??
നക്ഷത്രങ്ങള്‍ക്കിടയിലും..
ആഴിയുടെ അഗാധതയിലും..
ഞാന്‍ നിന്നെതേടിയലയുന്നു.....

ഇരുട്ടിന്റെ കനംതിങ്ങിയ കോട്ടകളിലും
തിളക്കമറ്റ ഏകാന്തതകളിലും
നിന്റെ കാല്‍‌പെരുമാറ്റം ഞാന്‍ കേള്‍ക്കുന്നു...

നിന്റെ കറുത്തവസ്ത്രത്തിന്റെ
ചിത്രപ്പണികളുള്ള ഞൊറിവുകള്‍..
മരവിച്ചമണ്ണിലുരയുന്നതു ഞാന്‍ അറിയുന്നു...
അസ്ഥികളില്‍ മരവിപ്പുപടര്‍ത്തുന്ന നിന്റെ
കണ്ണുകളെ എനിയ്ക്കു കാണാനാകുന്നില്ലല്ലോ??



എന്റെ സ്വകാര്യകനവുകളില്‍
നീ സംവദിയ്ക്കാറുണ്ടല്ലോ
എന്നിലെ എന്നെ കാണിച്ചു തന്ന നീ
എന്തേയിനിയും അദൃശ്യയാവുന്നൂ..??

എന്റെ അധികാരവും,..സാമ്രാജ്യവും..
നീ നിന്നിലേയ്ക്കെടുക്കുന്നതെന്നാണ്?
അതിനായി എന്തു നേരം ഞാന്‍ കാത്തിരിയ്ക്കണം?
നിന്റെ നിശ്വാസം എന്നിലാശ്ലേഷമാകുന്നതെന്നാണ്?

മരണങ്ങളില്ലാത്ത ലോകവും
നീതിയും നീയെന്നെനിയ്ക്കു തരും?
അര്‍ത്ഥങ്ങളില്ലാത്ത മതവും...മനവും..
നീ..തിരിച്ചെടുക്കുന്നതെന്നാണ്?

ചിന്തയുടെ മണല്‍ത്തരികള്‍ മനസ്സിനെ
മുറിവേല്‍പ്പിയ്ക്കാത്ത....
നിന്റെ ലോകത്തേയ്ക്ക് എന്നെ
നീ എന്നാണ് കൊണ്ടുപോകുക...?

ജനിച്ചപ്പോള്‍ കൈവിട്ട-
കൂടപ്പിറന്ന നിന്നെയെന്നു
തിരികെകെക്കിട്ടുമെനിയ്ക്ക്??

ചിഹ്നങ്ങള്‍ കാട്ടിത്തന്ന് നീ..
അശാന്തിയുടെ ലോകത്തു നിന്നെന്നെ
നിന്റെ കറുത്തവസ്ത്രത്തിന്റെ
മടക്കുകളില്‍ ഒളിപിയ്ക്കുന്നതെന്നാണ്??..

മഞ്ഞുപുതച്ച കുന്നിന്‍ ചെരുവുകളിലൂടെ
കാണുന്ന മേഘക്കെട്ടുകള്‍ക്കിടയിലൂടെയാവുമോ..
നമ്മുടെ യാത്ര?..

നീ വാക്കാകുന്നു...
നീ മരണമാകുന്നു.....
അനിവാര്യതയും...

*അഭിപ്രായങ്ങള്‍ പോസ്റ്റു ചെയ്യുമല്ലോ*

വിഭജനത്തിന്റെ..........

എനിയ്യ്ക്കുറങ്ങാനാവുന്നില്ല.....
നിമിഷങ്ങള്‍ കടന്നുകിട്ടാന്‍
ഞാന്‍ സ്വയം ഘടികാരസൂചികളില്‍
തലയിട്ടലച്ചു..

രാത്രിയെങ്ങിനെ ഞാനുറങ്ങും...
അതെ എനിയ്ക്കും
നിങ്ങള്‍ക്കുമുറങ്ങാനാവില്ല
അല്ല..,
ആര്‍ക്കും..ആര്‍ക്കുമുറങ്ങാനാവില്ല...
നെഞ്ചു പിളരുന്ന വേദന...

കാലുകളില്‍ അസ്വാതന്ത്ര്യത്തിന്റെ
ചങ്ങലക്കെട്ടുകളുണ്ട്...
അവയഴിയാന്‍ പോകുന്നു....
അടക്കിഭരിച്ചവര്‍
ആയിരം കാതമകലേയ്ക്കു
യാത്രയാകുന്നു...
എന്നിട്ടും മനസ്സടങ്ങുന്നില്ല

എന്തു നേടുന്നു....
സഹനസമരത്തിനും,..
സത്യാഗ്രഹത്തിനുമൊടുവില്‍
നേടിയതെന്ത്??
വേദനയോ??

ഹൃദയം വെട്ടിമുറിച്ചു
പിന്തിരിഞ്ഞു പോവാനോ
നമ്മുടെ വിധി??

എനിയ്യ്ക്കുറങ്ങാനാവുന്നില്ല.....
നിമിഷങ്ങള്‍ കടന്നുകിട്ടാന്‍
ഞാന്‍ വീണ്ടും വീണ്ടും
ഘടികാരസൂചികളില്‍
തലയിട്ടലച്ചു..
വിഭജനത്തിന്റെ കറുത്ത രാത്രി..
ഇനിയും മണിക്കൂറുകള്‍ ബാക്കി...

*അഭിപ്രായങ്ങള്‍ പോസ്റ്റു ചെയ്യുമല്ലോ *

നിഴലുകള്‍ കഥ പറയുന്നിടം...

ഒരു തുള്ളി കണ്ണീരില്ലാതെ
കടലോളം കരഞ്ഞു
ഒരുവാക്കുരിയാടാതെ
ഒരായിരം സങ്കടം പറഞ്ഞു
അവളുടെ മൌനമാണ് എന്നെ
ഏറെ വേദനിപ്പിച്ചത്..

അവള്‍.!
ഒരു നിമിഷത്തിന്റെ പുത്രി
ഒരു സ്വപ്നത്തിന്റെ നൊമ്പരം!
അവളുടെ ദു:ഖക്കടലില്‍
ഞാന്‍ മുങ്ങിത്താഴുമോ
കണ്ണു തുറന്നപ്പോള്‍ ശാന്തം
അതും കനവായിരുന്നുവോ?..!

അവളെന്നെ കാമത്താല്‍
നോക്കിയപ്പോഴെല്ലാം
ഞാന്‍ അക്ഷരങ്ങളുടെ തടവിലായിരുന്നു...
അവള്‍ക്കു മടുത്തിട്ടുണ്ടാവുമോ..?
ഒരു സമയം ഞാന്‍ ചോദിച്ചു..
പൊടുന്നനേ
അവളുടെ കണ്ണില്‍ നിന്നും
രക്തമിറ്റു വീഴുന്നതു ഞാന്‍ കണ്ടു..
അഗ്നി ജ്വലിയ്ക്കുന്നതും....
ഞാന്‍ വീണ്ടും
അക്ഷരങ്ങളിലേയ്ക്കു തല കുമ്പിട്ടു
അഗ്നി വിഴുങ്ങുന്ന
അക്ഷരങ്ങളേയും എന്നെയും
കുറിച്ചോര്‍ത്ത് ഞാന്‍ ഭയന്നു

നീറിയെരിയുന്ന എന്നെ ഞാന്‍
എന്റെ ഹൃദയത്തില്‍ നിന്നും
കണ്ടു..
മരണത്തിനു തൊട്ടുമുന്‍‌പുള്ള
നോട്ടം
നിഴലുകള്‍ കഥ പറയുന്നിടത്തേയ്ക്കുള്ള
എന്റെ പ്രയാണം.....
എനിയ്ക്കറിയില്ല
അതേതു ലോകമാണെന്ന്.....
നിറമോ ഗന്ധമോ അറിയില്ല
അവിടെ സൂര്യനുണ്ടാവുമോ..?
ആ സൂര്യന്റെ ചൂടില്‍
പകല്‍ കത്തിയെരിയുമോ
അറിയില്ല..
രാവില്‍ നിലാവുദിയ്ക്കുമോ..
ആ കുളിരില്‍ എല്ലാം തണുത്തുറയുമോ..?
അറിയില്ലെനിയ്ക്ക്..
അവളുണ്ടാകുമോ..?
അവളില്ലാത്ത നിമിഷങ്ങളെ
ഞാനെങ്ങിനെ അതിജീവിയ്ക്കും??
അതുമറിയില്ല...!

ഒറ്റയാള്‍ പോലുമില്ലാത്ത
തെരുവ്
എത്ര ദൂ‍രം താണ്ടണമാവും ഇനിയും..
ഒരിയ്ക്കലും തുറക്കാത്ത
കണ്ണുകള്‍ തരുന്ന
അവസാനത്തെ കാഴ്ച്ചയാവുമോ ഇത്...?
അതുമറിയില്ലെനിയ്ക്ക്....
എഴുത്തു നിറുത്തി ഞാന്‍ പേന താഴെ വച്ചു...

അക്ഷരങ്ങളേയോര്‍ത്ത്...


രാത്രിയില്‍ കിടന്നിട്ടുറക്കം വരാത്ത നാളുകളില്‍
ഞാന്‍ മെല്ലെയെന്തൊക്കെയോ എഴുതാന്‍ തുടങ്ങി...
അക്ഷരങ്ങള്‍ അടുക്കിവച്ച് അതിനു മുകളില്‍
അടയിരിയ്ക്കുന്ന തള്ളക്കോഴിയേപോലെ ഞാന്‍ തപം ചെയ്തു...
താളുകള്‍ നിറഞ്ഞു കവിഞ്ഞു....തുന്നിക്കെട്ടിയ
ചെറു ഗ്രന്ഥങ്ങളായി അവ എന്റെ മുറിയില്‍ കുന്നുകൂടി...
എനിയ്ക്കുമുറിയ്ക്കകത്തു നിന്നും പുറത്തേയ്ക്കിറങ്ങാന്‍ കഴിയുന്നില്ല....
എഴുതിനിറഞ്ഞ പുസ്തകത്താളുകളാല്‍ എനിയ്ക്കു മറ്റൊന്നും
കാണാന്‍ കഴിയുന്നില്ല.....അക്ഷരങ്ങള്‍ മാത്രം.....കറുപ്പും
വെളുപ്പും നിറഞ്ഞ താളുകള്‍...അവ നല്‍കുന്ന
ഇരുട്ടും വെളിച്ചവും വേര്‍തിരിച്ചെടുക്കാന്‍ ഞാന്‍
വീണ്ടും വീണ്ടും എഴുതി...മതിവരാതെ...

ഇപ്പോള്‍ എനിയ്ക്കുറക്കം നഷ്ടപ്പെടുന്നത്....
ഈ അക്ഷരങ്ങളെയോര്‍ത്താണ്.......
ഞാനെഴുതിയ എന്റെ ഈ അക്ഷരങ്ങളേയോര്‍ത്ത്...


*അഭിപ്രായങ്ങള്‍ പോസ്റ്റു ചെയ്യുമല്ലോ*

എന്റെ കണ്ണന്‍.....


കാര്‍മേഘത്തുണ്ടുകളേ എന്തിനീയാനന്ദം
കായാമ്പൂ വര്‍ണ്ണന്റെ നിറമായതിനാലോ???

പീതാംബരപ്പട്ടിനെന്തിത്ര ശോഭ...
കണ്ണന്റെ ദേഹത്തണിഞ്ഞതിനാലോ???

ഇല്ലിമുളം കാടുകളേ എന്തിനീ ചാഞ്ചാട്ടം
കളമുരളീരവം കേട്ടതിനാലോ???

എന്തിനീയാനന്ദ നൃത്തമാടുന്നൂ മയൂരം
തന്‍പീലി തിരുമുടിയിലണിഞ്ഞതിനാലോ???

എന്തിനീ ഗോക്കള്‍ക്ക് ആനന്ദക്കൂത്താട്ടം
കണ്ണനു വെണ്ണ കൊടുത്തതിനാലോ???..

എന്തിനീ ഗോപികമാര്‍ നൃത്തം ചവിട്ടുന്നൂ
കണ്ണന്റെ സാമീപ്യമുള്ളതിനാലോ???

ഭാരതമെന്തിത്ര പുളകിതയാവുന്നൂ
ഭാമാപതീദേശമായതിനാലോ???


*അഭിപ്രായങ്ങള്‍ പോസ്റ്റു ചെയ്യുമല്ലോ*

കാലമേ നീ തിരിച്ചോടുമോ എനിയ്ക്കായ്....

മറന്നു തുടങ്ങിയോ മധുരം തുളുമ്പുന്നൊ-
രോര്‍മ്മ തന്‍ പച്ചത്തുരുത്തിലെയൊറ്റയടിപ്പാത
ശ്രീനിയും ഗള്‍ഫിന്റെ മണമുള്ള സാദിയും
പിന്നക്കരെനിന്നും സൈക്കിളിലെത്തുന്ന വേണുവും, രാജനും

കെട്ടിപ്പിടിച്ചും കൂടിമറിഞ്ഞും കളിച്ച നാളെത്തി
പ്പിടിയ്ക്കുവാനൊക്കുമോ സ്വപ്നത്തിലെങ്കിലും
കൊമ്പാലമൂര്‍ഖന്‍ കളിയ്ക്കുവാന്‍, തുഞ്ചത്തൊ-
രൂഞ്ഞാലുകെട്ടിയാട്ടിയ കൂനുള്ളമാവിനെ
തൊട്ടുമ്മ വയ്ക്കുവാന്‍ പറ്റുമോ?

പട്ടം പറപ്പിച്ചു നടക്കുമ്പോള്‍ കിട്ടിയ ചേലുള്ള
മൈനതന്‍ മിന്നുന്ന തൂവലില്‍ മൂക്കൊന്നുരസ്സുവാന്‍
പുസ്തകത്താളില്‍ പെറ്റുപെരുകുന്ന
പീലിക്കണ്ണൊന്നിരുട്ടില്‍ തലോടുവാന്‍


ചെറുകാറ്റില്‍ തുരുതുരാ വീഴുന്ന മാമ്പഴ
ക്കൂട്ടം പെറുക്കുവാന്‍, ചപ്പിക്കുടിയ്ക്കുവാന്‍
പുതുമഴപെയ്യുമ്പോള്‍ ആലിപ്പഴംനോക്കി
യോടിനനയുന്ന കുട്ടിയായ് മാറുവാനൊക്കുമോ

കടവിന്നരികില്‍ വന്നെത്തിനോക്കും ചെറു
മീനിന്നു ചോറെറിഞ്ഞുകൊടുക്കുവാനാകുമോ
ഉച്ചസമയത്ത് മുരളിയോടൊപ്പമിരുന്നെന്റെയൂണു
പകുത്തുകഴിയ്ക്കുന്ന നേരമുണ്ടാകുമോ

ആമ്പല്‍ പറിയ്ക്കുവാന്‍ ചതുപ്പിലിറങ്ങിതാഴുന്ന നേരമീ
കൈ പിടിച്ചുയര്‍ത്തിയ റിജുവിനെക്കാണുമോ
ആഴ്ച്ചയൊടുവിലായ് സ്കൂളിന്റെ വേദിയില്‍
പാടിത്തിമിര്‍ക്കുന്ന അവന്റെ പാട്ടൊന്നു കേള്‍ക്കുമോ

കാട്ടാളവേഷം പകര്‍ന്നാടി കരിനിറം കഴുകി
തളര്‍ന്ന തേക്കുകാട്ടിലെ ചോലയൊഴുക്കിനെ
ഇനിയൊന്നുകൂടിക്കാണുവാന്‍ അവിടൊന്നു നീന്തി
ത്തുടിയ്ക്കുവാന്‍ കാലമേ നീ തിരിച്ചോടുമോ എനിയ്ക്കായ്


*അഭിപ്രായങ്ങള്‍ പോസ്റ്റു ചെയ്യുമല്ലോ*

ഇന്റെര്‍നെറ്റ് കാഴ്ച്ചകള്‍

വീണ്ടും വീണ്ടും ...
പല സൈറ്റുകളിലേയ്ക്കുള്ള ലിങ്കുകള്‍
എന്റെ ബ്രോഡ്ബാണ്‍ന്റിനു
സ്പീഡു പോരെന്നുണ്ടോ??
നീണ്ട മണിക്കൂറുകള്‍...

സ്ത്രീശരീരത്തിന്റെ നിംനോന്നതങ്ങളില്‍
അവയുടെ ചലനങ്ങളില്‍
വീണ്ടും....
പുതിയ ലൈംഗീക പരീക്ഷണങ്ങളുടെ
ലോകത്തെയ്ക്കുള്ള ക്ലിക്കുകള്‍...
ഒരു നീല ടീഷര്‍ട്ടില്‍ കിസ്സിംഗ്‌ലോഗോ..
അവള്‍ കടന്നു വരുന്നു...
എന്തൊരു മുഴുപ്പാണാ ശരീരാവയവങ്ങള്‍ക്ക്...
മുഖം വ്യക്ത്മാകുന്നില്ല..
ഇളകിയാടുന്ന അവളുടെ ശരീരം

പിന്നെ രതിയുടെ വിയര്‍പ്പുചാലുകള്‍
വീണ്ടും വീണ്ടും ...റീപ്ലേ..
അറിയാതെയെടുത്ത ഏതോ
വീഡിയോ ക്ലിപ്പിഗ് ആണെന്നു തോന്നുന്നു...
പെട്ടെന്ന്...

ഊണു കഴിയ്ക്കാന്‍ അമ്മയുടെ വിളി
മനസ്സില്ലാമനസ്സോടെ ലാപ് മടക്കി
*****************************
ഡൈനിംഗ്‌ടേബിളിലേയ്ക്ക്...
എതിരെ അമ്മയും അനുജത്തിയും ...

എന്റെ കണ്ണുകള്‍ അനുജത്തിയുടെ മാറിലുടക്കി
അതേ നീല ടീഷര്‍ട്ട്...അതേ മുഴുപ്പുള്ള അവയവങ്ങള്‍
ഇതുവരെ ആസ്വദിച്ചത് സ്വന്തം രക്തത്തിന്റെ
ഇളകിയാട്ടങ്ങളായിരുന്നുവോ...
*****************************




ഇന്റെര്‍നെറ്റ്യുഗത്തിന്റെ അപകടങ്ങള്‍ ഭീകരമാണ്...