August 19, 2010

എന്നാണിനി ഞാന്‍ നന്നാവുക?

കേള്‍ക്കാന്‍ മടിയായിരുന്നെനിയ്ക്ക്..
കേട്ടിരുന്നവര്‍ മടുത്തുറങ്ങിയപ്പോഴും
കേള്‍പ്പിയ്ക്കാന്‍ ഞാനേറെ ശ്രമിച്ചു
അക്ഷരങ്ങള്‍ക്കിടയില്‍
അര്‍ത്ഥമിരുന്നു ഞരങ്ങുമ്പോഴും
ആലസ്യത്തിലായിരുന്നവരെ
വീണ്ടും അസ്വസ്ഥരാക്കിക്കൊണ്ട്
ഞാനെന്റെ പ്രസംഗം തുടര്‍ന്നു......


ചിരിപ്പിയ്ക്കാന്‍
അറിയില്ലെനിയ്ക്കിപ്പോഴും
കരയുന്നവന്‍‌റ്റെയുള്ളിലേയ്ക്ക്
തീക്കനല്‍‌വാരിയിടാനല്ലാതെ..
വേദനയാല്‍ അവന്‍ പുളയുമ്പോഴും
ഞാന്‍ ചിരിച്ചുകൊണ്ടിരുന്നു...

അഹിംസയെന്നോതിയ മഹാത്മജിയെ
ക്വിറ്റിന്ത്യയെന്ന് പറഞ്ഞ് ഞാനാട്ടിപ്പായിച്ചു
ഒരുജാതിയൊരുമതമെന്നു പറഞ്ഞ
ഗുരുവിനെ കണ്ണാടിക്കൂട്ടിലടച്ചു...
എങ്കിലും കാലം എനിയ്ക്കു കൂട്ടായി നിന്നു
കണ്ണീരോടെ.....

ദൈവം എന്റെ പരാതികേള്‍ക്കാന്‍
വിധിയ്ക്കപ്പെട്ടവനായിരുന്നു....
എന്റെ തടവില്‍ നിന്നും രക്ഷപ്പെടാന്‍ ഞാന്‍
അവനെയനുവദിച്ചില്ലയിതുവരെ
അവന്റെ വചനങ്ങള്‍ വൃഥാ ഭൂമിയില്‍
കറങ്ങിക്കൊണ്ടിരുന്നപ്പോളും
ഞാനവനെ പ്രാര്‍ത്ഥനകളാല്‍
ശ്വാസം‌മുട്ടിച്ചുകൊണ്ടിരുന്നു....

കാലുകുത്താനിടം തന്ന മണ്ണിനു
കപ്പം ചുമത്തി ഞാന്‍ ജന്മിയായി
കൂടെപ്പിറന്ന സഹജീവികള്‍ക്കു ഞാന്‍
ജാതിതിരിവിന്‍‌റ്റെ തീണ്ടലും വിധിച്ചു
സത്യത്തെക്കെട്ടിയിട്ടു ചാട്ടവാറിനടിച്ചു
നുണയെ മിത്രമായികൂടെക്കൂട്ടി....

അക്ഷരങ്ങള്‍ക്കെതിരെ ഞാന്‍ സമരം ചെയ്തു
ഇരുട്ടില്‍നിന്നു യുദ്ധം ചെയ്യുമ്പോഴും
വെളിച്ചത്തെയെനിയ്ക്കു ഭയമായിരുന്നു....
വെളിച്ചത്തെ തോപ്പിയ്ക്കാനെനി-
യ്ക്കാവില്ലയെന്നോര്‍ത്തപ്പോള്‍...
എന്റെ നാവും തൊണ്ടയും വരണ്ടു
അപ്പോഴും പരാജയം സമ്മതിയ്ക്കാന്‍
എനിയ്ക്കായില്ല...
അവസാനവിജയം എന്റേതല്ലെന്നറിഞ്ഞപ്പോഴും...

*അഭിപ്രായങ്ങള്‍ പോസ്റ്റു ചെയ്യുമല്ലോ*

2 comments:

  1. ശ്രീ ഈ പീലി തൂവലില്‍ എത്തിപ്പെടാന്‍ കുറെ ബുദ്ധിമുട്ടി.തൂലിക യുന്തുന്നവര്‍ ആണ് പരിചയം അറിയിച്ചത്
    കണ്ടെത്തല്‍ നന്നായി എന്ന് തോന്നുന്നു.
    നല്ല കവിതകള്‍
    അനുമോദനങ്ങള്‍.

    ReplyDelete
  2. നന്ദി സുഹൃത്തേ!.....

    ReplyDelete

അഭിപ്രായങ്ങള്‍